beverage

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ മിക്ക പൊതുപരിപാടികളും റദ്ദാക്കിയിരിക്കുകയാണ്. കൂടാതെ തീയേറ്ററുകൾ ഉൾപ്പെടെ അടച്ചിട്ടു. ഈ സാഹചര്യത്തിൽ ബിവറേജസും അടച്ചിടുമെന്ന സന്ദേശം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ആ സന്ദേശം വ്യാജമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ബിവറേജസ് കോർപ്പറേഷൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.

'കേരള സ്റ്റേറ്റ് ബിവറേജസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചില്ലറ മദ്യ വിൽപന ശാലകൾ മാർച്ച് 31 വരെ അടച്ചിടാൻ തീരുമാനിച്ചതായ ഒരു തെറ്റായ വാർത്ത ചാനലുകളിലും സോഷ്യൽ മീഡിയകളിലും വന്നിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ യാതൊരുവിധ ഔദ്യോഗിക തീരുമാനവും എടുത്തിട്ടില്ലാത്തതും ഇതു പൂർണ്ണമായും തെറ്റായ വാർത്തയാണെന്നും ഇതിനാൽ അറിയിക്കുന്നു'- ബിവറേജസ് കോർപ്പറേഷൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

തെറ്റായ വാർത്ത പ്രചരിക്കുന്നവർക്കെതിരെ നിയമനനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ സിനിമാ തിയേറ്ററുകൾ അടച്ചിടാനും പി.എസ്.സി പരീക്ഷകൾ മാറ്റിവയ്ക്കാനും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഇതിന്റെ കൂടെ ബിവറേജസും അടച്ചിടുമെന്ന സന്ദേശമായിരുന്നു സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നത്.