പത്തനംതിട്ട: കൊറോണ വെെറസ് നിരീക്ഷണത്തിൽ കഴിയുന്നവരിൽ ചിലർ നിർദേശങ്ങൾ പാലിക്കാത്തത് അധികൃതർക്ക് തലവേദനയാകുന്നു. നിരീക്ഷണത്തിൽ കഴിയുന്ന പഞ്ചായത്ത് പ്രസിഡന്റ് കളക്‌ട്രേറ്റിലെത്തിയിരുന്നു. തുടർന്ന് ജില്ലാ കളക്ടർ ശാസിച്ച് തിരിച്ചയച്ചു. ഇത്തരത്തിൽ നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങിയാൽ പൊലീസിനെ ഉപയോഗിച്ചു നേരിടേണ്ടിവരുമെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു.
ശക്തമായ ജാഗ്രതാ നിര്‍ദേശമാണു ജില്ലയില്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയുന്ന അഞ്ച് പേരുടെ സാംപിൾ ഫലം പുറത്തുവന്നു. അഞ്ചും നെഗറ്റീവാണ്. അടഞ്ഞു കിടക്കുന്ന റാന്നി മേനാംതോട്ടം ആശുപത്രിയിലും പന്തളം അർച്ചന ആശുപത്രിയിലും കോവിഡ് ഐസൊലേഷൻ വാർഡുകൾ തുറക്കും.
അതേസമയം, കൊറോണയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഒമ്പത് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടാതെ ഒരാളെ കോട്ടയം ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലും ഇന്നലെ പ്രവേശിപ്പിച്ചു.തൊടുപുഴ സ്വദേശിയായ യുവാവിനെയും കുവൈറ്റിൽ നിന്ന് എത്തിയ തിരുവാർപ്പ് സ്വദേശിനിയെയും ഇന്നലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.