ബാംഗ്ളൂർ: കോവിഡ്-19 ലോകരാജ്യങ്ങൾക്കാകെ അപകടമാകുന്ന രീതിയിൽ വ്യാപിക്കുന്നതിനാൽ ഉദ്യോഗാർത്ഥികളെ വിദേശത്തേക്ക് അയക്കരുതെന്ന് ഐ.ടി സ്ഥാപനങ്ങളോട് കർണ്ണാടക സർക്കാർ ആവശ്യപ്പെട്ടു. വ്യാഴാഴ്ച തലസ്ഥാനത്ത് പുതിയ മൂന്ന് കോവിഡ്-19 കൂടി കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഇത്തരത്തിലൊരാവശ്യം സർക്കാർ മുന്നോട്ട് വച്ചത്.
ഇന്ത്യയിൽ സോഫ്റ്റ്‌വെയർ കയറ്റുമതി ചെയ്യുന്നതിൽ മൂന്നാം സ്ഥാനത്താണ് ബാംഗ്ളൂർ ഐ.ടി കമ്പനികൾ. 147 ബില്ല്യൺ വരുമാനത്തിൽ സോഫ്റ്റ്‌വെയർ കയറ്റുമതി ചെയ്യുന്ന ഇവർക്ക് ഈ ആവശ്യം അംഗീകരിക്കേണ്ടി വന്നാൽ ഐ.ടി മേഖലയിലെ വമ്പൻ തകർച്ചകയെ അഭിമുഖീകരിക്കേണ്ടി വരും. ഫെബ്രുവരി 21ന് ശേഷം കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്ന രാജ്യങ്ങളിൽ ഐ.ടി കമ്പനി ജീവനക്കാർ യാത്ര ചെയ്തതിന്റെ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് കർണാടക സർക്കാർ അറിയിച്ചു.
"ഐ.ടി സ്ഥാപനങ്ങളോട് ജീവനക്കാരെ ഒരു കാരണവശാലും വിദേശത്തേക്ക് അയക്കരുതെന്ന് അറിയിച്ചിട്ടുണ്ട്. അത്യാഹിത സാഹചര്യങ്ങളെ മുൻനിറുത്തിയാണ് ഈ തീരുമാനം." കർണാടക ആരോഗ്യ വകുപ്പ് മന്ത്രി ബി. ശ്രീരാമുലു പറഞ്ഞു
കർണാടക സർക്കാർ ഔദ്യോഗിക രേഖകളിലൂടെ ഇക്കാര്യം ടെക്നോളജി സ്ഥാപനങ്ങളെ അറിയിച്ചിട്ടില്ലെന്ന് ഐ.ടി ആന്റ് ബി.ടി ഡയറക്ടർ പ്രശാന്ത് കുമാർ മിശ്ര പറഞ്ഞു.