കൊറോണ വൈറസ് ഭീതി അകന്നു കഴിയുമ്പോൾ ആ പഴയ ചോദ്യം ബാക്കിയാകും: എവിടെ നിന്നു വന്നു,​ കൊവിഡ് 19 എന്ന് ലോകം പേരിട്ടുവിളിക്കുന്ന കൊറോണ വൈറസ്?​ പലരും കരുതുന്നതു പോലെ കൊറോണ വൈറസ് മനുഷ്യനിർമ്മിതമോ,​ അതോ മറ്റു ചിലർ വിശ്വസിക്കുന്നതു പോലെ പ്രപഞ്ചത്തിൽ സ്വാഭാവികമായി പിറന്നതോ?​ ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലെ ലബോറട്ടറിയിൽ നിന്ന് അബദ്ധത്തിൽ പുറത്തുചാടിയതോ,​ അതോ ഹുവാനൻ സീഫുഡ് ഹോൾസെയിൽ മാർക്കറ്റിൽ വില്പനയ്ക്കു വച്ചിരുന്ന ഏതോ മൃഗത്തിൽ നിന്ന് മനുഷ്യനിലേക്കു പടർന്നതോ?​

ഭീകരൻ പുറത്തുവന്നത്

മാർക്കറ്റിൽ നിന്നോ?​

വുഹാനിൽ അതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത തരത്തിൽ ഒരു ന്യൂമോണിയ പടരുന്നതായി ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിൽപ്പെട്ടത് 2019 ഡിസംബർ 31 നാണ്. രോഗം ബാധിച്ച് ആദ്യം ആശുപത്രിയിലെത്തിയത് 41 പേർ. ഈ 41 പേരിലും നടത്തിയ ലബോറട്ടറി പരിശോധനകൾ വെളിപ്പെടുത്തിയത്,​ എല്ലാവരിലും സാർസ്- കൊറോണ വൈറസ് 2 -വിന്റെ സാന്നിദ്ധ്യമാണ്. അണുബാധയുടെ ഉറവിടത്തിനായുള്ള അന്വേഷണം ചെന്നെത്തിയത് ഹുവാനൻ സീഫുഡ് മാർക്കറ്റിൽ! രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരിൽ മൂന്നിലൊന്നു പേരും ഈ മാർക്കറ്റിൽ പോയിരുന്നു. മാർക്കറ്റിൽ നിന്നാണ് അണുബാധ ഉണ്ടായതെന്നു സംശയിക്കപ്പെട്ട ആദ്യദിവസം തന്നെ അത് അടച്ചുപൂട്ടി. പിന്നീട് ഇന്നുവരെ ഹുവാനനിലെ ആ മാർക്കറ്റ് തുറന്നില്ല.

5,​40,​000 അടി വിസ്തൃതിയുണ്ട്,​ മദ്ധ്യചൈനയിലെ ഏറ്റവും വലിയ കടൽവിഭവ വിപണിയായ ഹുവാനൻ സീഫുഡ് മാർക്കറ്റിന്. ആയിരത്തിലധികം കച്ചവടക്കാർ. സീഫുഡ് മാർക്കറ്റ് എന്നാണ് പേരെങ്കിലും,​ എല്ലാത്തരം മൃഗങ്ങളും ഇവിടെ ജീവനോടെയും മാംസമായും വില്പനയ്ക്കുണ്ട്. വവ്വാലും ചിക്കനും മുതൽ കുറുക്കനും ഒട്ടകവും വരെ! മത്സ്യവും ഞണ്ടും മുതൽ പന്നിയും ഒട്ടകപ്പക്ഷിയും വരെ. വില്പനശാലകൾ തമ്മിൽ അകലം തീരെ കുറവ്. പൊതുവെ വൃത്തിഹീനം. പലേടത്തും ജീവനുള്ള മൃഗങ്ങളുടെ കൂടുകളുടെ അടുത്തുതന്നെ ചത്ത മൃഗങ്ങളെയും കൂട്ടിയിട്ടിരിക്കും. മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കും,​ മനുഷ്യരിലേക്കും അണുബാധയ്‌ക്കുള്ള എല്ലാ സാദ്ധ്യതയുമുണ്ടായിരുന്നു,​ അവിടെ.

പാമ്പിന്റെ ഇറച്ചിയിൽ നിന്നോ വവ്വാലുകളിൽ നിന്നോ ആയിരിക്കാം പുതിയ വൈറസ് മനുഷ്യനിലേക്കു പകർന്നതെന്നായിരുന്നു ഗവേഷകരുടെ ആദ്യ നിഗമനം. പിന്നീട് സംശയം ഈനാംപേച്ചിക്കു (പാംഗോലിൻ)​ നേരെയായി. മനുഷ്യനിലേക്കു പകർന്നത് ഈനാംപേച്ചിയിൽ നിന്ന് ആകാമെങ്കിലും യഥാർത്ഥ പ്രഭവകേന്ദ്രം വവ്വാലുകൾ തന്നെയാണെന്ന് ശാസ്ത്രജ്ഞർ ഇപ്പോഴും വിശ്വസിക്കുന്നു. രോഗാണു ആദ്യമായി മനുഷ്യനിലേക്കു പകർന്നത് ഹുവാനൻ മാർക്കറ്റിൽ നിന്നു തന്നെയാണോ എന്ന കാര്യവും വ്യക്തമല്ല!

പരീക്ഷണശാലയിലെ

അബദ്ധമോ?​

കൊറോണ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കപ്പെട്ടതോടെ ആദ്യം പ്രതിക്കൂട്ടിലായത് വുഹാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയാണ്. ജൈവ ആയുധമായി ഉപയോഗിക്കാനുള്ള രോഗാണുക്കളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾക്കിടെ ലബോറട്ടറിയിൽ നിന്ന് അബദ്ധത്തിൽ പുറത്തുപോയ വൈറസ് ആണ് ഇതെന്നായിരുന്നു വാർത്ത. മൃഗങ്ങളിൽ നിന്ന് ശേഖരിച്ച വൈറസുകളെ പരീക്ഷണശാലയിൽ ജൈവായുധമായി വികസിപ്പിക്കാനുള്ള പരിശ്രമത്തിനിടെ അബദ്ധം സംഭവിച്ചെന്നും അതല്ല,​ ഇവയെ ലബോറട്ടയിൽ വച്ചുതന്നെ പുതുതായി വികസിപ്പിച്ചെടുത്തതാണെന്നും അമേരിക്കൻ ടിവി ചാനലുകൾ വാർത്ത പുറത്തുവിട്ടു.

ചൈനീസ് അക്കാഡമി ഒഫ് സയൻസസിനു കീഴിൽ 1956 ലാണ് വുഹാൻ മൈക്രോബയോളജി ലബോറട്ടറി സ്ഥാപിക്കപ്പെട്ടത്. 1962 ൽ അതിന്റെ പേര് വുഹാൻ മൈക്രോ ബയോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നായി. ഹൂബെ പ്രവിശ്യയിലെ സയൻസ് ആൻഡ് ടെക്നോളജി കമ്മിഷൻ ഈ പരീക്ഷണശാലയുടെ നടത്തിപ്പുചുമതല ഏറ്റെടുത്തപ്പോൾ പേരിന് വീണ്ടും മാറ്റമുണ്ടായി- മൈക്രോ ബയോളജി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹൂബെ പ്രൊവിൻസ്. 1978 ൽ വുഹാനിലെ ലബോറട്ടറി വീണ്ടും ചൈനീസ് അക്കാഡമി ഒഫ് സയൻസസിനു കീഴിലായതോടെയാണ് അത് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്.

അഞ്ചു വർഷം മുമ്പ്,​ 2015 ൽ 44 ദശലക്ഷം ഡോളർ ചെലവിട്ട് ഫ്രാൻസിന്റെ സഹകരണത്തോടെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നാഷണൽ ബയോ സേഫ്റ്റി ലബോറട്ടറി സ്ഥാപിക്കപ്പെട്ടു. ബയോ സേഫ്ടി ലെവൽ- 4 സുരക്ഷാ സംവിധാനങ്ങളോടെയുള്ള ചൈനയിലെ ആദ്യ ജൈവപരീക്ഷണശാലയാണ് ഇത്.ജൈവ പരീക്ഷണങ്ങളിൽ ടെക്സാസിലെ ഗാൽവസ്റ്റൺ നാഷണൽ ലബോറട്ടറിയുമായി അടുത്ത സഹകരണമുണ്ട്,​ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടിന്. 2002 നും 2004 നുമിടയിൽ എണ്ണായിരത്തിലധികം മനുഷ്യരിലേക്കു പടരുകയും 774 പേരുടെ ജീവനെടുക്കുകയും ചെയ്ത സാർസ് വൈറസ്,​ ചൈനയിലെ മറ്റു ചില ജൈവ പരീക്ഷണശാലകളിൽ നിന്ന് പുറത്തു ചാടിയതാണെന്നാണ് റിപ്പോർട്ട് (വുഹാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിനു മുമ്പ്)​.