
നടിയും ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന മഞ്ജു പത്രോസിന് നേരെ സൈബർ ആക്രമണം. മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് കീഴിൽ താരത്തെ വിമർശിച്ചുകൊണ്ടുള്ള കമന്റുകൾ വന്നുകൊണ്ടിരിക്കുകയാണ്. അതിൽ ചിലതിനൊക്കെ നടി ചുട്ട മറുപടിയും നൽകുന്നുണ്ട്. 'ഇത്രയും വൃത്തികെട്ട സ്ത്രീകൾ ഉണ്ടാവുമോ' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. 'പിന്നേ വീട്ടിൽ കാണാറില്ലേ' എന്നാണ് മഞ്ജു ഇതിന് മറുപടി നൽകിയിരിക്കുന്നത്.

റിയാലിറ്റി ഷോയിൽ നിന്ന് പുറത്തായതിന് ശേഷം തന്നെ രജിത് ആർമി വേട്ടയാടുകയാണെന്ന് മഞ്ജു പത്രോസ് നേരത്തെ പറഞ്ഞിരുന്നു. അത്തരത്തിലുള്ള ഒരു ഫോൺ സംഭാഷണവും പുറത്ത് വന്നിരുന്നു.മറ്റൊരു മത്സരാർത്ഥിയായ ഡോ. രജിത് കുമാറിനെ പിന്തുണയ്‌ക്കുന്ന ഒരാളാണ് മഞ്ജുവിനെ ഫോണിൽ വിളിച്ച് വിമർശിച്ചത്. രജിത്തിനെ മാത്രമായിട്ട് മഞ്ജു അടക്കമുള്ളവർ ടാർഗറ്റ് ചെയ്യുന്നുവെന്നാണ് സംഭാഷണത്തിൽ പരാതിക്കാരന്റെ ആരോപണം. ഇതിന് കൃത്യമായ മറുപടിയും മഞ്ജു നൽകിയിരുന്നു. ഷോയിൽ നടന്നതെല്ലാം ഗെയിമിന്റെ ഭാഗമാണെന്നും, തനിക്ക് വ്യക്തിപരമായി രജിത്ത് സാറിനോട് യാതൊരു വിധ ദേഷ്യവും ഇല്ലെന്നും മഞ്ജു പത്രോസ് പറഞ്ഞിരുന്നു