കാബൂൾ: അഫ്ഗാനിസ്ഥാനിൽ സമാധാനത്തിന്റെ വഴി വീണ്ടും തുറന്നുകൊണ്ട്, 1500 താലിബാൻ തടവുകാരെ മോചിപ്പിക്കാനുള്ള കരാറായി.
ചൊവ്വാഴ്ച രാത്രി വീണ്ടും അധികാരത്തിലേറിയ അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനി താലിബാൻ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് കരാർ ഒപ്പിട്ടത്. ഇനി പോരാട്ടത്തിനിറങ്ങില്ലെന്ന ഉറപ്പ് എഴുതി നൽകണമെന്ന് മാത്രമാണ് തടവുകാരോട് സർക്കാർ ആവശ്യപ്പെട്ടത്. തടവുകാരെ മോചിപ്പിക്കാനുള്ള നടപടികൾ നാല് ദിവസത്തിനകം തുടങ്ങും.
5000 താലിബാൻ തടവുകാരെ മോചിപ്പിക്കണമെന്ന് ഫെബ്രുവരിയിൽ ദോഹയിൽ ഒപ്പിട്ട യു.എസ് -താലിബാൻ സമാധാന കരാറിൽ വ്യവസ്ഥ ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനിൽ നിന്ന് യു.എസ്, നാറ്റോ സേനകൾ പൂർണമായി പിന്മാറുമെന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ.
എന്നാൽ, തടവുകാരെ വിട്ടയയ്ക്കില്ലെന്നായിരുന്നു ഗനിയുടെ നിലപാട്. തുടർന്ന് കരാറിന് വിരുദ്ധമായി അഫ്ഗാൻ സൈനികർക്ക് നേരെ താലിബാൻ ആക്രമണം നടത്തി. ഇതിന് തിരിച്ചടിയായി യു.എസ് സൈന്യം താലിബാനെ ആക്രമിച്ചു. അഫ്ഗാൻ സേനയെ ആക്രമിക്കരുതെന്നും സർക്കാരുമായി താലിബാൻ സമാധാന ചർച്ച തുടങ്ങണമെന്നും കരാറിൽ നിർദ്ദേശിച്ചിരുന്നു. തടവുകാരെ വിട്ടയയ്ക്കാതെ സർക്കാരുമായി ചർച്ചയില്ലെന്ന നിലപാടിലായിരുന്നു താലിബാൻ.
കരാർ പ്രകാരം 5000 തടവുകാരെ ഒറ്റയടിക്ക് വിടണമെന്നും മറ്റൊരു ഉപാധിക്കും തങ്ങൾ തയ്യാറല്ലെന്നും താലിബാൻ വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞതായി റിപ്പോർട്ടുണ്ട്.
രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം
താലിബാനുമായുള്ള പ്രശ്നങ്ങൾക്കിടെ രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധിയും രൂക്ഷമാണ്.
തിങ്കളാഴ്ചയാണ് അഷ്റഫ് ഗനി വീണ്ടും പ്രസിഡന്റായി അധികാരമേറ്റത്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് അബ്ദുള്ള സമാന്തര സർക്കാർ രൂപീകരിച്ചു. ഗനി സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ അബ്ദുള്ളയും സത്യപ്രതിജ്ഞ ചെയ്തു.
യു.എൻ അംഗീകാരം
യു.എസ് - താലിബാൻ സമാധാന കരാറിന് യു.എൻ അംഗീകാരം നൽകി. സായുധ സംഘടനകളുമായുള്ള കരാറിന് അപൂർവമായി മാത്രമാണ് യു.എൻ അംഗീകാരം നൽകുന്നത്. കരാർ വ്യവസ്ഥയനുസരിച്ച് യു.എസ് അഫ്ഗാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ആരംഭിച്ചു.