jyotiraditya-scindia

ഡല്‍ഹി: കോണ്‍ഗ്രസിൽ നിന്നും രാജിവച്ച ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയില്‍ നിന്നും സിന്ധ്യ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച എം.എല്‍.എമാരും ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. സിന്ധ്യയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ജെ.പി നദ്ദ പറഞ്ഞു.

ബി.ജെ.പി എല്ലാവരേയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണെന്നും ജനങ്ങളെ സേവിക്കുക തന്നെയാണ് തന്റെ ലക്ഷ്യമെന്നും കഴിഞ്ഞ 18 വര്‍ഷമായി രാജ്യത്തെ ജനങ്ങളെ സേവിക്കുകയായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇനിയും കോണ്‍ഗ്രസില്‍ തുടര്‍ന്നാല്‍ അത് സാധിക്കില്ലെന്നും സിന്ധ്യ വ്യക്തമാക്കി. ബി.ജെ.പിയില്‍ ചേരാന്‍ അവസരമൊരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ജെ.പി നദ്ദയ്ക്കും ജ്യോതിരാദിത്യ സിന്ധ്യ നന്ദി പറഞ്ഞു.

22 കോൺഗ്രസ് എം. എൽ.എമാരും ബി. ജെ. പി പാളയത്തിൽ എത്തിയെന്നാണ് അറിയുന്നത്. ഇതോടെ 15 മാസം മുമ്പ് അധികാരമേറ്റ കമൽനാഥ് സർക്കാരിന് 230 അംഗ നിയമസഭയിൽ ഭൂരിപക്ഷം നഷ്‌ടമായി. മുൻമുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ ബി.ജെ.പിക്ക് അധികാരത്തിലേറാൻ വീണ്ടും കളമൊരുങ്ങി. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കയച്ച രാജിക്കത്തിൽ തനിക്ക് ഒരു പുതിയ തുടക്കമാണെന്ന് സിന്ധ്യ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കണ്ട ശേഷമാണ് സിന്ധ്യ കോൺഗ്രസിൽ നിന്ന് രാജി പ്രഖ്യാപിച്ചത്.