iran

ടെഹ്റാൻ: കോവിഡ്-19 വൈറസ് ബാധകാരണം ഇറാനിൽ സ്ഥിതിഗതികൾ വഷളായ സാഹചര്യത്തിൽ 70,​000 തടവുകാരെ തുറന്നുവിട്ട് ഇറാൻ നീതിന്യായ വകുപ്പ്. തടവുകാരെ തുറന്ന് വിട്ടത് വൈറസ് വ്യാപനം തടയാനാണെന്നും തടവുകാർ ഈ സാഹചര്യത്തിൽ സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൈദ് ഇബ്രാഹിം റൈസി ജുഡീഷ്യറി വാർത്താ സൈറ്റിൽ പറഞ്ഞു. കായികപരിപാടികൾക്കും കോടതിയുൾപ്പടെയുള്ള സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ഇറാൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുപരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

ഇറാനിൽ മാർച്ച് ഒൻപതാം തീയതി കോവിഡ്-19 ബാധിച്ച് 43 മരണം റിപ്പോർട്ട് ചെയ്തു. 595 പേർക്ക് പുതുതായി കോവിഡ്-19 വൈറസ് ബാധ ഇറാനിൽ റിപ്പോർട്ട് ചെയ്തെന്നും,​ നിലവിൽ 7,​161 വൈറസ് ബാധിതർ രാജ്യത്തുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് കൈയാനൗഷ് ജഹാൻപൗർ വ്യക്തമാക്കി. ചൈന കഴിഞ്ഞാൽ വൈറസ് ബാധ കാരണം ഏറ്റവുമധികം മരണം സംഭവിച്ചത് ഇറാനിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാൻ പൂർണ്ണമായ രേഖകളോ കണക്കോ പുറത്ത് വിടുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. വൈറസിനെ നിർമാർജനം ചെയ്യാനായി ആധുനിക രീതിയിൽ സജ്ജമാക്കിയ 26,​000 ആരോഗ്യ കേന്ദ്രങ്ങൾ രാജ്യത്തുടനീളം പ്രവർത്തിക്കുന്നുണ്ടെന്ന് ഇറാൻ പറഞ്ഞിരുന്നു.