ലണ്ടൻ: ബ്രിട്ടീഷ് ആരോഗ്യ മന്ത്രി നദൈൻ ഡോറിസിന് (62) കൊറോണ (കൊവിഡ് -19) സ്ഥിരീകരിച്ചു. പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. ഇതെ തുടർന്ന് വെള്ളിയാഴ്ച മുതൽ വീട്ടിൽ ഐസൊലേഷനിലാണ് ഡോറിസ്.
ബ്രിട്ടനിൽ ആദ്യമായാണ് ഒരു പാർലമെന്റംഗത്തിന് കൊറോണ സ്ഥിരീകരിക്കുന്നത്.
പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉൾപ്പെടെ നൂറിലേറെ പേരുമായി ഡോറിസ് അടുത്തിടപഴകിയതായി ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ചയാണ് ഡോറിസിന് രോഗലക്ഷണങ്ങൾ കണ്ടത്. അതേ ദിവസം അവർ പ്രധാനമന്ത്രി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല. ബോറിസ് ജോൺസൺ പരിശോധനയ്ക്ക് വിധേയനാകുമോയെന്നും വ്യക്തമല്ല. ആരോഗ്യ വകുപ്പിലെ മറ്റു മന്ത്രിമാരും സെക്രട്ടറിമാരും ഉൾപ്പെടെ എല്ലാവരും പരിശോധനയ്ക്ക് വിധേയരാകും.
ഇന്ത്യയിൽ കൊറോണബാധിതർ:62
ഇന്ത്യയിൽ രാജസ്ഥാനിലും ഡൽഹിയിലും കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 62 ആയി. കഴിഞ്ഞ മാസമാണ് രാജസ്ഥാൻ സ്വദേശി ദുബായിൽ നിന്ന് തിരിച്ചെത്തിയത്.
ചൈനയ്ക്ക് ആശ്വാസത്തിന് വക
ചൈനയിൽ പുതിയ രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്. എന്നാൽ ഭീഷണി പൂർണമായി അവസാനിച്ചുവെന്ന് പറയാനാകില്ല. അടുത്ത ദിവസങ്ങളിൽ ഹുബെയിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് തുടങ്ങുമെന്ന് പ്രവിശ്യാ ഭരണകൂടം അറിയിച്ചു.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യ സന്ദർശനം റദ്ദാക്കി
കൊറോണ ലോകമെങ്ങും പടരുന്ന സാഹചര്യത്തിൽ വിദേശ യാത്രകൾ ഒഴിവാക്കി ലോക നേതാക്കൾ. ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്ക് മാർച്ചിൽ നടത്താനിരുന്ന സന്ദർശനം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്ക് എസ്പർ റദ്ദാക്കി.
രാജ്യങ്ങൾ:119
ആകെ മരണം: 4379
രോഗബാധിതർ: 121,312
ചൈനയിലെ മരണസംഖ്യ: 3,158