
ലക്നൗ: ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിൽ ഒൻപതുകാരിയെ പീഡനത്തിന് ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഹോളി ആഘോഷങ്ങൾ നടക്കവേയായിരുന്നു സംഭവം. പെൺകുട്ടിയെ വഴിയിൽ ബോധമറ്റ നിലയിൽ കണ്ട ഗ്രാമവാസികൾ അവളെ കാൺപൂരിലെ ഹാലറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ മരിച്ചു. കൃത്യത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടതായി ബിഗാപൂർ സർക്കിൾ ഓഫീസർ അഞ്ജനി റായ് പറഞ്ഞു. പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബാംഗങ്ങളുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ സംസ്ഥാന സർക്കാരിനെ ശക്തമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി രംഗത്തെത്തി.