corona-

പത്തനംതിട്ട; ജില്ലയിൽ നാലുപേർക്ക് കൂടി കൊറോണ (കോവിഡ് 19)​ സ്ഥിരീകരിച്ചതോടെ വൈറസ് ബാധ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇറ്റലിയിൽ നിന്നെത്തിയവരുമായി നേരിട്ട് ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ അന്തിമഘട്ടത്തിൽ. ഇന്നും ഇന്നലെയുമായി നടത്തിയ അന്വേഷണത്തിൽ രോഗബാധിതരുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട 733 പേരെ കണ്ടെത്തി. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ഇതിനായി 12 മെഡിക്കൽ സംഘങ്ങൾ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. രോഗബാധിതരുമായി അടുത്ത ബന്ധം പുലർത്തിയവർ കണ്ടുമുട്ടിയ ആളുകളെയും അവർ സഞ്ചരിച്ച വഴികളും കണ്ടെത്താനാണ് ശ്രമിക്കുന്നത്.

കഴിഞ്ഞ ദിവസം രോഗബാധിതർ സഞ്ചരിച്ച വഴികളെക്കുറിച്ചുള്ള റൂട്ട് മാപ്പ് അധികൃതർ പുറത്തിറക്കിയിരുന്നു. തുടർനടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് 7 ഡോക്ടർമാരെ സഹായത്തിനായി വിളിച്ചു. രോഗ ബാധിതർ പോയ സ്ഥലവും സമയവും അനുസരിച്ച് വിവര ശേഖരണം നടക്കുന്നുണ്ട്. ഈ സ്ഥലങ്ങളും സമയവും ജനങ്ങളിൽ എത്തിക്കുന്നതിന് പ്രത്യേകം വിവരശേഖരണം നടത്തുന്നുണ്ട്. ഇതുവഴി രോഗ ബാധിതർ എത്തിയ സ്ഥലങ്ങളിലോ സ്ഥാപനങ്ങളിലോ ആ സമയത്ത് പൊതുജനങ്ങൾ എത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് ശ്രമം.

ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് തൊഴിൽ, ആരോഗ്യ വകുപ്പുകളുടെയും ദുരന്ത നിവാരണ അതോറിട്ടിയുടെയും നേതൃത്വത്തിൽ കൊറോണ ബോധവത്കരണം നടത്തുന്നുണ്ട്. കൊറോണയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച 9 പേരെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. കൂടാതെ ഒരാളെ കോട്ടയം ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലും ഇന്നലെ പ്രവേശിപ്പിച്ചു. തൊടുപുഴ സ്വദേശിയായ യുവാവിനെയും കുവൈറ്റിൽ നിന്ന് എത്തിയ തിരുവാർപ്പ് സ്വദേശിനിയെയും ഇന്നലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.