ചങ്ങനാശേരി: ഇന്നലെ പുലർച്ചെ ചിങ്ങവനം റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർ കൊല്ലം - എറണാകുളം പാസഞ്ചർ ട്രെയിൻ എത്തിയപ്പോൾ ഞെട്ടിപ്പോയി!.
എൻജിന് മുന്നിലെ ഹുക്കിൽ ഒരു മൃതദേഹം തൂങ്ങിക്കിടക്കുന്നു. യാത്രക്കാർ പറഞ്ഞപ്പോഴാണ് ലോക്കോ പൈലറ്റുമാരും അതു കാണുന്നത്. നാലു കിലോ മീറ്റർ മുമ്പ് ഒരു യുവാവ് ട്രെയിനിന് മുന്നിലേക്ക് ചാടിയത് ലോക്കോ പൈലറ്റുമാർ ശ്രദ്ധിച്ചിരുന്നു. മൃതദേഹം തെറിച്ചു പോയിരിക്കുമെന്ന് കരുതി. വിവരം ചിങ്ങവനം സ്റ്റേഷനിൽ അറിയിച്ച ശേഷം യാത്ര തുടരുകയായിരുന്നു.
കുറിച്ചി മലകുന്നം ചേരിക്കളം പരേതനായ ജോസിന്റെ മകൻ ലിജോ ജോസ് (28) ആണ് ഇന്നലെ രാവിലെ ആറോടെ ചിങ്ങവനത്തിന് സമീപം മലകുന്നം ഭാഗത്ത് പാസഞ്ചർ ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്.
ബോഗിയുമായി ഘടിപ്പിക്കുന്ന ഹുക്കിൽ തല കോർത്ത നിലയിലായിരുന്നു മൃതദേഹം. ഒരു കാലിലെ പത്തി അടർന്നു പോയിരുന്നു. ചിങ്ങവനം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസർ ബിൻസ് ജോസഫിന്റെ നേതൃത്വത്തിൽ പൊലീസെത്തി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
സംഭവത്തെത്തുടർന്ന് കോട്ടയം- കായംകുളം റൂട്ടിൽ അരമണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. സംസ്കാരം ഇന്ന് രാവിലെ 10ന് പൊടിപ്പാറ തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.
അമ്മ: ലിസമ്മ, സഹോദരൻ : ജോസി ജോസ്.