dk-shivakumar

ബംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഡി.കെ.ശിവകുമാറിനെ കർണാടക പി.സി.സി അദ്ധ്യക്ഷനായി നിയമിച്ചു. ദിനേഷ് ഗുണ്ടു റാവുവിന് പകരമാണ് പുതിയ നിയമനം. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണ് ഇതുസംബന്ധിച്ച് പത്രക്കുറിപ്പ് പുറത്തിറക്കിയത്. പാർട്ടിക്കായി എല്ലാവരും ചേർന്ന് പ്രവർത്തിക്കുമെന്ന് ശിവകുമാർ പറഞ്ഞു. ഈശ്വർ ഖാന്ദ്രെ, സതീഷ് ജാർക്കിഹോളി, സലിം അഹമ്മദ് എന്നിവരെ പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിപക്ഷ നേതാവായി തുടരുമെന്നും അജയ് സിംഗിനെ നിയമസഭ ചീഫ് വിപ്പായി നിയമിച്ചെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. കർണാടക രാഷ്ട്രീയത്തിലെ തന്ത്രശാലിയായ രാഷ്ട്രീയക്കാരനായാണ് ഡി.കെ.ശിവകുമാർ അറിയപ്പെടുന്നത്. കോൺഗ്രസ് - ജെ.ഡി.എസ് സർക്കാർ രൂപവത്കരണത്തിൽ ചുക്കാൻ പിടിച്ചതും രാഷ്ട്രീയ കരുനീക്കങ്ങൾക്ക് നേതൃത്വം നൽകിയതും അദ്ദേഹമായിരുന്നു. അതേസമയം, ശിവകുമാർ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതോടെ ജെ.ഡി.എസിലെ ഒരു വിഭാഗം കോൺഗ്രസിലേക്ക് ചേക്കേറുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കള്ളപ്പണ കേസിൽ വിചാരണ നേരിടുന്ന ശിവകുമാർ പ്രസ്തുത കേസുമായി ബന്ധപ്പെട്ട് ജയിൽവാസവും അനുഭവിച്ചിരുന്നു.