police-man-suicide

ആലുവ: ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിന് സമീപം തൂങ്ങി മരിച്ച വയോധികന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന പരാതിയിൽ ആലുവ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ വി.എസ്. നവാസിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. മൃതദേഹം സമയബന്ധിതമായി പോസ്റ്റുമാർട്ടം ചെയ്യാൻ സൗകര്യം ഒരുക്കുന്നതിൽ വീഴ്ച വരുത്തിയെന്ന സ്പെഷ്യൽ ബ്രാഞ്ച് പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് നൽകിയ റിപ്പോർട്ടിനെ തുടർന്ന് ഐ.ജി ഹർഷിത അട്ടല്ലൂരിയാണ് നടപടിയെടുത്തത്.

ആലുവ പൊലീസ് മൃതദേഹത്തോട് അനാദരവ് കാട്ടിയത് വാർത്തയായതിനെ തുടർന്ന് വിഷയം അൻവർ സാദത്ത് എം.എൽ.എ നിയമസഭയിൽ ഉന്നയിച്ചിരുന്നു. തുടർന്നാണ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയത്.

തോട്ടക്കാട്ടുകര കുരുതിക്കുഴി വീട്ടിൽ ജോഷിയെയാണ് (67) തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാൻസർ രോഗിയായ ഭാര്യ മാത്രമാണ് വീട്ടിലുള്ളത്. രണ്ട് മക്കളും യു.എ.ഇ.യിലാണ്.

വൈകിട്ട് 5.15ഓടെ വിവരം പൊലീസിൽ അറിയിച്ചെങ്കിലും സന്ധ്യയായെന്ന് പറഞ്ഞ് മൃതദേഹം താഴെ ഇറക്കിയില്ല. പിറ്റേന്ന് രാവിലെയും പൊലീസ് എത്തിയില്ല. അൻവർ സാദത്ത് എം.എൽ.എ ഇടപെട്ടതിനെ തുടർന്ന് എട്ടരയോടെ പൊലീസെത്തി മൃതദേഹം താഴെയിറക്കി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കരിച്ചു.

 പ്രതിഷേധം ശക്തം

മൃതദേഹത്തോട് പൊലീസ് അനാദരവ് കാണിച്ചതിനെതിരെ പ്രതിഷേധം വ്യാപകം. ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണസമിതി സെക്രട്ടറി സാബു പരിയാരത്ത്, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ ആലുവ റൂറൽ എസ്.പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് നടപടിയെടുക്കുമെന്ന് ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് അറിയിച്ചു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിനെതിരെ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.