റോം: രാപകൽ സഹായം തേടി അലഞ്ഞിട്ടും നാട്ടിലെത്താൻ കഴിയാതെ പ്രതിസന്ധിയിലാണെന്ന് ഇറ്റലിയിലെ റോം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെട്ട സംഘം പറയുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വന്നു. മൂന്ന് ചെറിയ കുട്ടികളും ഒരു ഗർഭിണിയും അടക്കം 40 പേരാണ് സംഘത്തിലുള്ളത്. ഭക്ഷണം പോലും ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് ഇവർ.
കേന്ദ്രസർക്കാർ മെഡിക്കൽ പരിശോധനയ്ക്കായി പ്രത്യേക ടീമിനെ ഇറ്റലിയിലേക്കയയ്ക്കുമെന്ന് വാർത്തകളിലൂടെ അറിഞ്ഞെങ്കിലും തങ്ങൾക്ക് ഇക്കാര്യത്തിൽ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും അധികാരികളൊന്നും തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നുമാണ് ഇവർ പറയുന്നത്. നാട്ടിലെത്തിക്കാനുള്ള അനുമതി ലഭിക്കുന്നത് വരെ വിമാനത്താവളത്തിൽ തുടരാനാണ് ഇവരുടെ തീരുമാനം.
ഇതുവരെ ആർക്കും യാതൊരുവിധ അസുഖവുമില്ല. തിരിച്ചെത്തിയ ശേഷം എല്ലാ പരിശോധനകൾക്കും തയ്യാറാണെന്നും യാത്രക്കാർ പറയുന്നു. ഇറ്റലിയിലെ താമസസ്ഥലം ഒഴിഞ്ഞാണ് മിക്കവരും വിമാനത്താവളത്തിലെത്തിയത്. അതുകൊണ്ട് തിരിച്ചുപോയി താമസിക്കാൻ ഇടമില്ല. വിമാനത്താവളത്തിന് സമീപത്തെ കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്.
കഴിഞ്ഞ ദിവസം സംഘത്തിലെ ചിലർ ബോർഡിംഗ് പാസ് എടുത്ത ശേഷമാണ് യാത്ര വിലക്കുള്ള കാര്യം എമിറേറ്റ്‌സ് അധികൃതർ ഇവരെ അറിയിക്കുന്നത്. ഇന്ത്യക്കാർക്ക് മാത്രമാണ് യാത്ര വിലക്ക്. കൊറോണ ബാധയില്ലെന്ന സാക്ഷ്യപത്രം വേണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നതെന്നും സഹായത്തിനായി സംസ്ഥാന സർക്കാരിനെ ബന്ധപ്പെട്ടിടും ഫലമുണ്ടായില്ലെന്നും ഇവർ പറയുന്നു.