പത്തനംതിട്ട: കൊറോണ (കോവിഡ് 19) ലക്ഷണങ്ങളുമായി പത്തനംതിട്ടയിൽ നീരീക്ഷണത്തിൽ കഴിയുന്നവരിൽ പത്തുപേരുടെ സ്രവപരിശോധനാഫലം നെഗറ്റീവ്. പരിശോധനയ്ക്കായി അയച്ച പന്ത്രണ്ടിൽ പത്ത് ഫലങ്ങളും നെഗറ്റീവാണെന്നാണ് റിപ്പോർട്ട്. ഇനി രണ്ട് സാമ്പിളുകളുടെ ഫലങ്ങൾ കൂടി പുറത്തുവരാനുണ്ട്. രാവിലെ അഞ്ചുപേരുടെ ഫലങ്ങൾ നെഗറ്റീവ് ആണ് എന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പത്തനംതിട്ടയിൽ നിന്നുളള അഞ്ചുപേരുടെ കൂടി ഫലം നെഗറ്റീവ് ആണ് എന്ന അറിയിപ്പ് പുറത്തുവന്നത്.
2 മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ 30 പേരാണ് ഐസോലേഷൻ വാർഡുകളിൽ തുടരുന്നത്. പരിശോധന ഫലം നെഗറ്റീവായ പത്ത് പേരിൽ അഞ്ച് പേരെ ഇതിനോടകം ആശുപത്രിയിൽ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.
അതേസമയം ഇറ്റലിയിൽ നിന്ന് എത്തിയ 52 യാത്രക്കാരിൽ 17 പേരെ നിരീക്ഷണത്തിൽ നിറുത്തും. ഇതിനായി ആലുവ താലൂക്ക് ആശുപത്രിയിൽ നിന്ന് ഇവരെ കളമശേരി മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റും. ഇതിനോടകം തന്നെ പത്തുപേരെ ഐസോലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. പനി, ശ്വാസതടസം എന്നി രോഗലക്ഷണങ്ങളുളളവരെയാണ് നിരീക്ഷണത്തിനായി മാറ്റിയത്. കൊച്ചിയിൽ കൊവിഡ് 19 ബാധിച്ച് ചികിത്സയിലുളള മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ആലുവ താലൂക്ക് ആശുപത്രിയിൽ കഴിയുന്ന മറ്റു 35 പേരോട് വീടുകളിലേയ്ക്ക് പോകാൻ നിർദേശിച്ചു. ഇവർ വരുന്ന 28 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് വീടുകളിലേക്ക് പോകാൻ അനുവദിച്ചത്. ഇവർ മറ്റുളളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതെ വരുംദിവസങ്ങളിൽ അതത് വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയേണ്ടി വരും.
അതേസമയം രോഗബാധ കണ്ടെത്തിയ റാന്നിയിലെ വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കാൻ ജനപ്രതിനിധികളുടെ യോഗത്തിൽ കളക്ടർ നിർദേശം നൽതി. 900 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇവർക്കെല്ലാം ഭക്ഷണവും വെള്ളവും ജില്ലാ ഭരണകൂടം എത്തിച്ചു നല്‍കും. അതേസമയം പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ പുറപ്പെടുവിച്ച നിർദേശങ്ങൾ അവഗണിച്ചാൽ കർശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. സമ്പർക്ക പട്ടികയിലുണ്ടായിട്ടും വീടുകളിൽ നിരീക്ഷണത്തിൽ തുടരാതെ പുറത്തിറങ്ങിയവരുടെ വിവരങ്ങൾ ജില്ലാ ഭരണകൂടം പൊലീസിന് കൈമാറിയിട്ടുണ്ട്.