കൊറോണ വൈറസിന്റെ സംക്രമണം ചൈനയ്ക്കു പുറത്തുള്ള രാജ്യങ്ങളിൽ വർദ്ധിച്ചുവരുന്നുവെന്നു മാത്രമല്ല, കൊറോണ സ്ഥിരീകരിച്ച റിപ്പോർട്ടുകളുടെ എണ്ണത്തിലും വൻ വർദ്ധനവുണ്ടായി. ഇറ്റലിയിൽ മരണം 631 ആയി ഉയർന്നു. ഇറ്റലി, ഇറാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങിൽ മരണനിരക്ക് ഉയർന്നുവരുന്നത് ഏറെ ആശങ്കയുയർത്തുന്നു. അതേസമയം, ചൈനയിൽ പുതുതായി രോഗം റിപ്പോർട്ട് ചെയ്യുന്നതിന്റെ തോതിൽ കുറവുണ്ടായിട്ടുണ്ട്. രോഗം റിപ്പോർട്ട് ചെയ്ത 100 രാജ്യങ്ങളിൽ 40-ഓളം രാജ്യങ്ങളിൽ ഇന്നലെ വരെ മരണനിരക്ക് റിപ്പോർട്ട് ചെയ്തിരുന്നില്ല.
ചൈനയിൽ നിന്നെത്തിയ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾക്ക് കേരളത്തിൽ രോഗം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ചിട്ടയോടുകൂടിയ രോഗ നിയന്ത്രണ മാർഗങ്ങളിലൂടെ അത് നിയന്ത്രണ വിധേയമാക്കാൻ ആദ്യഘട്ടത്തിൽ നമുക്കു കഴിഞ്ഞിരുന്നു. രോഗം ബാധിച്ച വ്യക്തികളിൽ നിന്നുള്ള വൈറസിന്റെ ജനിതക ഘടനയിൽ, ചൈനയിലെ കോവിഡ് വൈറസുമായി ഇതിന് നേരിയ വ്യത്യാസമുണ്ടെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.
ഗ്ലോബൽ ഇനിഷ്യേറ്റീവ് ഓൺ ഷെയറിംഗ് ഓൾ ഇൻഫ്ളുവൻസ ഡേറ്റ ഇനിനായി ആഗോളതലത്തിൽ പ്രവർത്തിച്ചുവരുന്ന സംരംഭമാണ്. ഇവർ ഇതിനോടകം വൈറസിന്റെ 230 ജനിതക മാപ്പിംഗ് ലഭ്യമാക്കിയിട്ടുണ്ട്. ചൈനയിലെ വൈറസുകളുടെ ജനിതക ഘടനയിൽ നിന്ന് മറ്റു രാജ്യങ്ങളിൽ (പ്രത്യേകിച്ച് ഇറ്റലി, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ) കണ്ടെത്തിയ വൈറസുകൾ തുടർജനിതക വ്യതിയാനത്തിന് വിധേയമായി രോഗസംക്രമണവീര്യം ഉയർന്നതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു! ഉദാഹരണമായി ചൈനയിൽ രോഗം ബാധിച്ചവരിൽ മരണനിരക്ക് 2.5 ശതമാനമായിരുന്നു. എന്നാൽ ഇറ്റലി, ഇറാൻ എന്നീ രാജ്യങ്ങളിൽ ഇത് 8 ശതമാനത്തിലധികമാണ്.
രണ്ടാംഘട്ടത്തിൽ
സംക്രമണം രൂക്ഷം
രണ്ടാം ഘട്ടത്തിൽ കേരളത്തിൽ കൊറോണ വൈറസ് വന്നത് ഇറ്റലിയിലുള്ള മലയാളിയിലൂടെയായിരുന്നു. രോഗപര്യവേഷണ ഡാറ്റ വിലയിരുത്തിയാൽ രണ്ടാം ഘട്ടത്തിൽ രോഗസംക്രമണം കൂടുതൽ രൂക്ഷമാണെന്നു കാണാം. രോഗം ബാധിച്ച രാജ്യങ്ങളിലേക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയതിലൂടെ രോഗത്തെ 90 ശതമാനത്തോളം നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ, രോഗം കണ്ടു തുടങ്ങിയ ജനുവരി 23 നെ അപേക്ഷിച്ച് മാർച്ച് മൂന്ന് മുതൽ മറ്റു രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാരിലൂടെ കൂടുതൽ പേരിലാണ് രോഗ ലക്ഷണങ്ങൾ കാണപ്പെടുന്നത്.
വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചവരിൽ രോഗാവസ്ഥയെ സാരമല്ലാത്തത്, കഠിനം, അതികഠിനാവസ്ഥ എന്നിങ്ങനെ മൂന്നായി തിരിച്ചാൽ ഇവയുടെ നിരക്ക് യഥാക്രമം 80,14, 5 ശതമാനമാണ്. ഇന്ത്യയടക്കമുള്ള 40 രാജ്യങ്ങളിൽ മരണനിരക്കില്ലാത്തതും ഏറെ പ്രത്യാശയ്ക്ക് വക നൽകുന്നു. കൊറോണ ബാധ മൂലം അമേരിക്കയിൽ മരണനിരക്ക് വർദ്ധിച്ചുവരുന്നു. ബ്രിട്ടനിലും കാനഡയിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗനിയന്ത്രണത്തിന് സാംക്രമണ ചക്രം ഭേദിക്കാനുള്ള നടപടിക്രമങ്ങളാണ് ആവശ്യം. ക്വാറന്റൈനിൽ ഊന്നിയുള്ള നടപടിക്രമം സുസ്ഥിര രോഗനിയന്ത്രണത്തിന് ഉപകരിക്കും.
ആറു മാസത്തിനകം
വാക്സിൻ വരും!
കൊറോണ വാക്സിൻ എലികളിൽ ഫലപ്രദമായി പരീക്ഷിച്ചു വരുന്നുണ്ട്. ആറു മാസത്തിനകം വാക്സിൻ വിപണിയിൽ ലഭ്യമാകുമെന്ന് നമുക്ക് പ്രത്യാശിക്കാം. വ്യാപാര, വിദ്യാഭ്യാസ, തൊഴിൽ, ടൂറിസം, സാമ്പത്തിക മേഖലകളെ കൊറോണ സാരമായി ബാധിച്ചുവരുന്നു.
ലോകത്താകമാനമുള്ള ഇന്ത്യക്കാരെ വിവര സാങ്കേതിക വിദ്യയിലൂടെ ഫലപ്രദമായി നെറ്റ്‌വർക്ക് ചെയ്ത് നിരീക്ഷിക്കണം. അവരുടെ വിവരങ്ങൾ, യാത്ര, രോഗബാധിതരുമായുള്ള സമ്പർക്കം തുടങ്ങിയ കാര്യങ്ങൾ ഫലപ്രദമായ മോണിട്ടറിംഗിന് വിധേയമാക്കണം. വിവരങ്ങൾ കൂടുതൽ ശാസ്ത്രീയതയോടെ ശേഖരിക്കാൻ സാധിക്കണം.
വിദേശികൾ ഇന്ത്യയിലെത്തുന്നത് ടൂറിസ്റ്റുകളായാണ്. ടൂറിസ്റ്റുകൾ താമസിക്കുന്ന ഹോട്ടലുകൾ, യാത്ര ചെയ്യുന്ന വാഹനങ്ങൾ മുതലായവയിലൂടെ രോഗബാധയ്ക്ക് സാധ്യത ഏറെയാണ്. അതിനാൽ തത്കാലത്തേക്ക് ടൂറിസ്റ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം. വിദേശ ടൂറിസ്റ്റുകൾ ഇന്ത്യയടക്കമുള്ള 10-15 രാജ്യങ്ങളിൽ മാസങ്ങളോളമുള്ള യാത്ര കഴിഞ്ഞാണ് തിരിച്ചെത്തുന്നത്. രോഗബാധയുള്ള മേഖലയിൽ നിന്നുള്ള ഇവരുടെ യാത്ര രോഗം മറ്റു രാജ്യങ്ങളിലെത്താൻ ഇടവരുത്തും. രാജസ്ഥാനിൽ രോഗം റിപ്പോർട്ട് ചെയ്തത് ഇറ്റലിയിൽ നിന്നുള്ള ടൂറിസ്റ്റിൽ നിന്നായിരുന്നു. രോഗബാധയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ നാട്ടിലെത്തിയാൽ ചിട്ടയോടെയുള്ള ക്വാറന്റൈനിനു വിധേയമാക്കണം.