തിരുവനന്തപുരം: വട്ടിയൂർക്കാവിൽ പൊതുമരാമത്ത് വകുപ്പ് എറ്റെടുത്ത കുടപ്പനക്കുന്ന് ഗവ. എൽ.പി. സ്‌കൂളിന്റെ പുതിയ കെട്ടിടം ഉടൻ ഉദ്ഘാടനം ചെയ്യും. കെട്ടിട നിർമ്മാണ പുരോഗതി വിലയിരുത്താൻ വി.കെ. പ്രശാന്ത് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പേരൂർക്കട ഗവ. എൽ.പി സ്‌കൂളിന്റെ കെട്ടിടനിർമ്മാണം പുരോഗമിക്കുകയാണ്. കുമാരപുരം ഗവ. യു.പി. സ്‌കൂളിന്റെ കെട്ടിട നിർമ്മാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. 5 കോടി രൂപയുടെ നിർമ്മാണമാണ് നടക്കുന്നത്. 5 കോടി രൂപയുടെ പുതിയ പദ്ധതികളുടെ പ്രപ്പോസലും സമർപ്പിച്ചിട്ടുണ്ട്. ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ 5.5 കോടി രൂപയുടെ നിർമ്മാണങ്ങളും കുടപ്പനക്കുന്ന് ലൈവ്‌സ്റ്റോക് ഫാമിൽ 5 കോടിയുടെ വികസന പ്രവർത്തനങ്ങളും മ്യൂസിയം കോമ്പൗഡിൽ 4.2 കോടിയുടെ നിർമ്മാണങ്ങളും നടക്കുന്നു. കളക്ടറേറ്റിലെ റോഡ് നവീകരണം ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കായി 2.05 കോടി രൂപയുടെ പ്രപ്പോസലും സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്ന് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 18ന് സ്ഥലങ്ങൾ സന്ദ‌ർശിക്കും.