amitsha

ഡൽഹി : ഡൽഹി കലാപം മൂൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹി കലാപത്തെക്കുറിച്ച് ലോക്‌സഭയിൽ നടന്ന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഡൽഹിയിലെ 206 പോലീസ് സ്റ്റേഷനിൽ 13 ഇടത്ത് മാത്രമാണ് അക്രമം നടന്നത്. മറ്റു സ്ഥലങ്ങളിൽ അക്രമം നടത്താനുള്ള ശ്രമം നിയന്ത്രിച്ച പൊലീസിനെ അഭിനന്ദിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

ഡൽഹി കലാപം 36 മണിക്കൂറിൽ നിയന്ത്രിക്കാനായെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ദിനത്തിലെ പരിപാടികൾക്ക് പോകാതെ താൻ കലാപം നിയന്ത്രിക്കാൻ ശ്രമിക്കുകയായിരുന്നു. അജിത് ഡോവൽ കലാപ ബാധിത മേഖലകൾ സന്ദർശിക്കാൻ പോയത് തന്റെ നിർദ്ദേശപ്രകാരമാണ്. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് 2647 പേർ അറസ്റ്റിലായെന്ന് അമിത് ഷാ പറഞ്ഞു.

യു.പിയിൽ നിന്ന് കലാപത്തിനായി വന്ന 300 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കലാപത്തിന് പണം ഒഴുക്കിയ മൂന്ന് പേരെ പിടികൂടിയിട്ടുണ്ട്. കലാപത്തിന് പിന്നിലുള്ള ആരെയും വെറുതെ വിടില്ല. പ്രതികളുടെ സ്വത്ത് പിടിച്ചെടുക്കും. മതത്തിന്റെയോ വസ്ത്രത്തിന്റെയോ പേരിൽ ആരെയും രക്ഷിക്കാൻ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് സി.എ.എക്ക് എതിരെ സംഘടിപ്പിക്കപ്പെട്ട റാലികളെക്കാൾ കൂടുതൽ പേർ സി.എ.എയെ അനുകൂലിച്ച് റാലി നടത്തി. സി.എ.എ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ അമിത് ഷാ രാജിവയ്ക്കണം എന്ന മുദ്രാവാക്യം ഉയർത്തി പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി.