തിരുവനന്തപുരം : മദ്ധ്യപ്രദേശിൽ മുഖ്യമന്ത്രി കമൽനാഥുമായുള്ള ഭിന്നതകയെത്തുടർന്ന് കോൺഗ്രസിൽ നിന്ന് രാജി വച്ച് യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേർന്നിരുന്നു. ഡൽഹിയിൽ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയിൽ നിന്ന് സിന്ധ്യ ബി.ജെ.പി അംഗത്വവും സ്വീകരിച്ചു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് സിന്ധ്യ കേന്ദ്രമന്ത്രിയാകുമെന്നാണ് സൂചനകൾ. മദ്ധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് ബി.ജെ.പി സ്ഥാനാർത്ഥിയായി ജ്യോതിരാദിത്യ സിന്ധ്യ എത്തുമെന്നാണ് പാർട്ടിവൃത്തങ്ങൾ പറയുന്നത്.
സിന്ധ്യയുടെ രാജിയിൽ കോൺഗ്രസ് പാർട്ടിയിലേതുൾപ്പെടെ നിരവധി പേർ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ബി.ജെ.പിയിലേക്കുള്ള പരിശീലനക്കളരിയായി കോൺഗ്രസ് അധഃപതിച്ചുവെന്നാണ് ഡി.വൈ.എഫ്.ഐ നേതാവ് എ.എ. റഹീം പ്രതികരിച്ചത്. 'വിശ്വസിക്കാൻ കൊള്ളാത്തവർ'
എന്ന പദത്തിന്റെ പര്യായമായി 'കോൺഗ്രസ്' നിഘണ്ടുവിൽ ചേർക്കപ്പെടുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
എ.എ.റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഒരു കോൺഗ്രസ്സ് ദേശീയ നേതാവ് കൂടി ബിജെപിയിൽ ചേരുമ്പോൾ....
"മോദിയുടെ കരങ്ങളിൽ ഇന്ത്യ സുരക്ഷിതമെന്ന് ജ്യോതിരാദിത്യ സിന്ധ്യ"...രാഹുൽ ഗാന്ധിയുടെ വലംകൈ, രാജ്യത്തെ തലമുതിർന്ന കോൺഗ്രസ്സ് നേതാവ് ഒരു ഉളിപ്പുമില്ലാതെ ഒരു നിമിഷം കൊണ്ട്....
മുൻപ് ശ്രീ ടോം വടക്കൻ ബിജെപിയിൽ ചേർന്നപ്പോൾ "അയാൾ വലിയ നേതാവൊന്നുമല്ല, എഐസിസി ഓഫീസിലെ തോട്ടക്കാരനോ മറ്റോ ആയിരുന്നു''എന്ന് പ്രതിരോധിച്ച കോൺഗ്രസ്സുകാരുണ്ട്.
ഇതിപ്പോൾ അങ്ങനെ പറയാനാകില്ലല്ലോ.
മുൻപൊരിക്കൽ ത്രിപുരയിലെ സിപിഐ(എം )രാജ്യസഭാ അംഗം ജേർണദാസ് സ്വീകരിച്ച നിലപാട് രാജ്യം കയ്യടികളോടെ സ്വീകരിച്ചു...
അതാണ് ഇടതു രാഷ്ട്രീയം. തലയുയർത്തി നിൽക്കുന്ന രാഷ്ട്രീയ നിലപാട്. എന്തുകൊണ്ടാണ് കോൺഗ്രസ്സ് നേതാക്കൾ വിലകൊടുത്തു വാങ്ങാവുന്ന 'ഉല്പന്നമായി' മാറുന്നത്?
വർഗീയതയോടു വിട്ടുവീഴ്ച്ച ചെയ്തതാണ് കോൺഗ്രസ്സിന്റെ ചരിത്രം.
ബിജെപിയുടെ ബി ടീമായും,
'മൃദു വർഗീയതയുടെ പ്രചാരകരായും' കോൺഗ്രസ്സ് സഞ്ചരിച്ചതിന്റെ ഫലമാണ് ഇന്ന് കാണുന്നത്.
മോദി ഇന്ന് രാജ്യത്തെ വിഭജിക്കുമ്പോൾ, ലോക്സഭയിൽ ജയ്‌ശ്രീരാം വിളിച്ചാണ് ബിജെപി അംഗങ്ങൾ സ്വീകരിക്കുന്നത്. അതിൽ വലിയൊരു വിഭാഗം എംപിമാരും മുൻപ് കോൺഗ്രസ്സ് നേതാക്കളായിരുന്നു.
ഇന്നത്തെ കോൺഗ്രസ്സ്, നാളത്തെ ബിജെപി എന്നായിരുന്നു കുറച്ചുനാൾ മുൻപ് വരെ കേട്ടിരുന്നത്. ഇപ്പോൾ വേഗത കൂടിയിട്ടുണ്ട്.
ബിജെപിയിലേക്കുള്ള പരിശീലനക്കളരിയായി കോൺഗ്രസ്സ് അധഃപതിച്ചു. 'വിശ്വസിക്കാൻ കൊള്ളാത്തവർ'
എന്ന പദത്തിന്റെ പര്യായമായി 'കോൺഗ്രസ്സ്' നിഘണ്ടുവിൽ ചേർക്കപ്പെടുന്ന കാലം വിദൂരമല്ല