26 സിനിമകൾ നിർമിച്ചിട്ടുണ്ട്
പള്ളുരുത്തി: മലയാള സിനിമാ നിർമാണത്തിന് ആദ്യമായി ഇറങ്ങിത്തിരിച്ച വനിതാ നിർമ്മാതാവ് മട്ടാഞ്ചേരി തോപ്പുക്കൽ വീട്ടിൽ ആരിഫ ഹസൻ (76) നിര്യാതയായി. ആരിഫ എന്റർപ്രൈസസിന്റെ ബാനറിൽ 26 സിനിമകളാണ് ഇവർ നിർമ്മിച്ചത്. സംവിധായകനും നിർമാതാവുമായിരുന്ന ഭർത്താവ് ഹസന്റെ സഹകരണമായിരുന്നു സിനിമാ നിർമാണത്തിനു പ്രചോദനം നൽകിയത്.
പെരിയാർ, ചഞ്ചല, ടൂറിസ്റ്റ് ബംഗ്ലാവ് , അഷ്ടമി രോഹിണി, വനദേവത, കാമധേനു, അമ്മായിയമ്മ, സൊസൈറ്റി ലേഡി, ചക്രായുധം, അവൾ നിരപരാധി, സ്നേഹബന്ധം, ബെൻസ് വാസു, മൂർഖൻ, കാഹളം, ഭീമൻ, തടാകം, അനുരാഗ കോടതി, അസുരൻ, ജനകീയ കോടതി, രക്ഷസ്, രാധയുടെ കാമുകൻ, നേതാവ്, അഷ്ടബന്ധനം, ശുദ്ധമദ്ദളം, സാമ്രാജ്യം, തമിഴ് സിനിമ നാംഗിൾ എന്നിവയായിരുന്നു ചിത്രങ്ങൾ.
നാടക നടനായിരുന്ന തിലകന് സിനിമയിൽ അവസരം നൽകിയത് പെരിയാർ എന്ന സിനിമയിലൂടെയായിരുന്നു. പി.ജെ ആന്റണിയായിരുന്നു സിനിമയുടെ സംവിധായകൻ. സുജാതയെ ആദ്യമായി പിന്നണി പാടിച്ചത് ആരിഫയായിരുന്നു. ടൂറിസ്റ്റ് ബംഗ്ലാവായിരുന്നു ചിത്രം. ഉണ്ണിമേരിക്ക് അഷ്ട്മിരോഹിണി എന്ന ചിത്രത്തിലൂടെയും അവസരം നൽകി. ജോഷി എന്ന സംവിധായകൻ വരവറിയിച്ചത് ആരിഫ നിർമിച്ച മൂർഖൻ എന്ന സിനിമയിലൂടെയാണ്. ഭീമൻ രഘുവിന് സിനിമയിൽ അവസരം നൽകിയതും ഇവർ തന്നെ. ഇവയിൽ ആരിഫയുടെ അഞ്ചു ചിത്രങ്ങൾ ഭർത്താവ് ഹസനാണ് സംവിധാനം ചെയ്തത്. ബെൻസ് വാസു, ഭീമൻ, അസുരൻ, നേതാവ്, രക്ഷസ് എന്നിവയാണ് ആ ചിത്രങ്ങൾ. മകൻ അജ്മൽ ഹസനും സിനിമാ നിർമ്മാണ രംഗത്താണ്.
മറ്റ് മക്കൾ: അൻവർ, അൽത്താഫ്, പരേതരായ അഷ്കർ, അഫ്സൽ. മരുമക്കൾ: ഷക്കീല, സീന, രേഖ. കബറടക്കം നടത്തി.