തിരുവനന്തപുരം: ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളുടെ നിസഹകരണമാണ് പ്രശ്‌നങ്ങൾ സങ്കീർണമാക്കിയതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. എല്ലാ മുന്നറിയിപ്പുകളും നൽകിയിട്ടും വിമാനത്താവളത്തിൽ പരിശോധനയ്ക്ക് വിധേയരാകാതെ കടന്നുകളഞ്ഞ ഇവർ നാട്ടിലെത്തിയിട്ടും രോഗവിവരം രഹസ്യമാക്കി വച്ചുവെന്ന് മന്ത്രി വിമർശിച്ചു. പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച സബ്മിഷന് നൽകിയ മറുപടിയിലാണ് മന്ത്രി വിമർശന ശരമെയ്‌തത്.
മന്ത്രിയുടെ വാക്കുകൾ-
'ഇറ്റലിയിൽ നിന്നും ദോഹയിലെത്തിയ ശേഷമാണ് ഇവർ കേരളത്തിലേക്ക് എത്തുന്നത്. വിമാനത്തിനുള്ളിൽ പോലും കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നു. അനൗൺസ്‌മെന്റ് ഉണ്ടായിരുന്നു. ഇറ്റലിയിൽ നിന്നും വരുന്നവർ പരിശോധനയ്ക്ക് വിധേയമാകണം എന്ന്. എന്നാൽ കുടുംബം ഇതിന് വഴങ്ങിയില്ല. സൂത്രത്തിൽ പോകാൻ താൽപര്യമുള്ളവർക്ക് അതിനുള്ള സംവിധാനങ്ങൾ കണ്ടെത്താനോണോ പ്രായസം. അങ്ങനെയാണ് ഇവർ പരിശോധന കൂടാതെ പുറത്തുകടന്നത്.
പിന്നീട് ഇവർക്ക് പനിയായി സ്വകാര്യ ആശുപത്രിയിലെത്തി. അവിടെയും ഇറ്റലിയിൽ നിന്നും വന്നതാണെന്ന് അവർ വ്യക്തമാക്കിയില്ല. എന്നിട്ടും ഇവർ പലയിടത്തും പോയി. അയൽവാസിയും ബന്ധുവുമായ ഒരാൾക്ക് പനി വന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അയൽക്കാരൻ പനിയുമായി ഗവൺമെന്റ് ആശുപത്രിയിലെത്തി. അയാളോട് ചോദിച്ചപ്പോഴാണ് ഇറ്റലിക്കാർ വന്ന സംഭവം അറിയുന്നത്.
സംഭവം അറിഞ്ഞ് ആരോഗ്യവകുപ്പ് അധികൃതർ വീട്ടിലെത്തിയപ്പോഴും സഹകരിക്കാൻ ഇവർ തയാറായില്ല. ആശുപത്രിയിൽ വരാനോ ആംബുലൻസിൽ കയറാനെ തയാറായില്ല. കാറിൽ വന്നോളാമെന്നാണ് പറഞ്ഞത്. അത്രമാത്രം ബുദ്ധിമുട്ടിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇപ്പോൾ ഇവർക്കെതിരെ കേസെടുക്കാനല്ല സർക്കാർ നീക്കം. ആ ജീവനുകൾ രക്ഷിക്കുക എന്നത് മാത്രമാണ് മുന്നിലുള്ളത്- മന്ത്രി പറഞ്ഞു.