ന്യൂഡൽഹി: കേരളം, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ആയിരത്തോളം മത്സ്യത്തൊഴിലാളികളും 300 വിദ്യാർത്ഥികളും തീർത്ഥാടകരും അടക്കം 6000ത്തോളം ഇന്ത്യക്കാർ ഇറാനിൽ വിവിധയിടങ്ങളിൽ കുടുക്കിക്കിടപ്പുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ രാജ്യസഭയിൽ അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള ആറംഗ മെഡിക്കൽ സംഘം ഇവരുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ച ശേഷം രോഗമില്ലാത്തവരെ തിരികെ കൊണ്ടുവരും. രോഗമില്ലാത്ത 58 പേരെ കഴിഞ്ഞ ദിവസം എത്തിച്ചു.
ഇറാനിൽ കുടുങ്ങിക്കിടക്കുന്നവരുമായി ഇന്ത്യൻ എംബസി ബന്ധപ്പെട്ടിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കഴിയുന്ന സ്ഥലത്ത് കോറോണ ഭീഷണി കുറവാണ്. രോഗഭീതിയുള്ള സ്ഥലത്തെ തീർത്ഥാടകരെയും മെഡിക്കൽ വിദ്യാർത്ഥികളെയും കൊണ്ടുവരാൻ മുൻഗണന നൽകും. അവരുടെ പ്രായവും പരിഗണിക്കും. യാത്രാ വിലക്ക് നിലവിലുള്ളതിനാൽ ഇറാനിൽ നിന്ന് വിമാന സർവ്വീസ് എളുപ്പമല്ല. കേന്ദ്രസർക്കാർ എല്ലാ തരത്തിലും ഇതിന് പരിശ്രമിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.