harvey

ന്യൂയോർക്ക്: ലൈംഗികാതിക്രമ കേസിൽ പ്രമുഖ ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്ൻ‌സ്‌റ്റൈയിന് കോടതി 23 വർഷം തടവു ശിക്ഷ വിധിച്ചു. വെയ്ൻ‌സ്‌റ്റൈനെതിരെ ഉയർന്ന അഞ്ചു ലൈംഗിക ആരോപണക്കേസുകൾ പരിശോധിച്ച കോടതി ഇതിൽ രണ്ടു കേസിൽ കുറ്റാരോപണം നിലനിൽക്കുന്നതാണെന്നു കണ്ടെത്തുകയായിരുന്നു. പ്രൊഡക്ഷൻ അസിസ്റ്റന്റ് ആയിരുന്ന മിമി ഹാലേയിയെ 2006ലും പുതുമുഖനടിയായ ജെസിക്ക മാനിനെ 2013ലും പീഡിപ്പിച്ചെന്ന കേസിലാണ് ജഡ്‌ജി ജെയിംസ് ബുർക്കെ ശിക്ഷ വിധിച്ചത്.

ഹാർവി വെയ്ൻ‌സ്‌റ്റൈയിനെതിരായ സഹപ്രവർത്തകരുടെ വെളിപ്പെടുത്തലോടെയാണ് ലോകത്ത് മീ ടൂ വിവാദം കത്തിപ്പടർന്നത്. തുടർന്ന് ആഞ്ജലീന ജോളി, ഗിനത്ത് പാൾട്രൊ തുടങ്ങിയ ഹോളിവുഡ് നടിമാരും മോഡലുകളും ഉൾപ്പെടെ എൺപതിലേറെ സ്ത്രീകൾ വെയ്ൻ‌സ്‌റ്റൈയിനെതിരെ പരാതിയുമായി രംഗത്തുവന്നു. അഞ്ചു ദിവസം നീണ്ട വിചാരണയ്‌ക്കു ശേഷമാണ് ജൂറിയുടെ വിധി. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന മറ്റു മൂന്നു കേസുകൾ കൂടി ഉണ്ടായിരുന്നെങ്കിലും തെളിയിക്കാനായില്ല.

സ്ത്രീകളുടെ സമ്മതമില്ലാതെ ലൈംഗിക ഉദ്ദേശത്തോടെ സമീപിച്ചിട്ടില്ലെന്ന നിലപാടുമായി വെയ്ൻ‌സ്‌റ്റൈയിൻ കോടതിയിൽ പ്രതിരോധിച്ചുവെങ്കിലും അതൊന്നും നീതിന്യായപീഠം കണക്കിലെടുത്തില്ല. ഹാർവി വെയ്ൻ‌സ്‌റ്റൈയിന് ലഭിച്ച ശിക്ഷയെ വിവിധ വനിതാ സംഘടനകൾ സ്വാഗതം ചെയ്‌തു.