jithin-mvd

കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യൽ മീഡിയ ശ്രദ്ധിക്കുന്ന ഒരു മുഖമുണ്ട്, ജിതിൻ എന്ന കാക്കി ഷർട്ടുകാന്റെ മുഖം. ബസ് ഡ്രൈവറുടെ കാക്കി കുപ്പായത്തിൽ നിന്ന് രണ്ട് നക്ഷത്രം തോളിൽ പിടിപ്പിച്ച കാക്കിയുടുപ്പിലേക്ക് ചുവടുവച്ച ജിതിൻ എന്നു പറഞ്ഞാൽ ഒരുപക്ഷേ വായനക്കാർക്ക് ആളെ പിടികിട്ടും. ഭരണിക്കാവ് ചെങ്ങന്നൂർ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറുടെ കാക്കി വേഷം അഴിച്ചു വച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറുടെ കാക്കിയണിഞ്ഞ ജിതിൻ പി.എസ് ദൃഢനിശ്‌ചയത്തിന്റെ ആൾരൂപമാണ്.

2015ലാണ് ജിതിൻ പി.എസ്.സിയുടെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ റാങ്ക് ലിസ്‌റ്റിൽ ഇടം നേടുന്നത്. 260ആമത്തെ റാങ്കായിരുന്നു. തുടർന്നാണ് സ്വകാര്യ ബസ് ഡ്രൈവറുടെ കുപ്പായമണിയുന്നത്. രണ്ടര വർഷക്കാലം ആ ജോലി തുടർന്നു. നമ്മുടെ പി.എസ്.സിയുടെ കാര്യമല്ലേ? ഇടയ്‌ക്ക് ആ പ്രതീക്ഷയൊന്ന് മങ്ങിയപ്പോൾ വെറുതെയിരിക്കാനും ജിതിൻ തയ്യാറായില്ല. ഐ.ഇ.എൽ.ടി.എസ് കോഴ്‌സിന് ചേർന്നു. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കിയതോടെ അവിടെ തന്നെ അദ്ധ്യാപകനായും ജോലി ചെയ്‌തു.

പി.എസ്.സി പരീക്ഷയ്‌ക്കായുള്ള തയ്യാറെടുപ്പടുകൾ എങ്ങനെയായിരുന്ന എന്ന ചോദ്യത്തിന് ജിതിൻ നൽകുന്ന മറുപടി ഇങ്ങനെ-

'ഞാൻ ഒരു കോച്ചിംഗ് ക്ളാസിന് പോയായിരുന്നു. അവിടെ ചെന്നപ്പോൾ വെറൊരു രീതിയിലാണ് അവരുടെ പ്രിപ്പയർ ചെയ്യിക്കുന്നത്. പിന്നീട് പി.എസ്.സിയുടെ വെബ്സൈറ്റിൽ നിന്ന് സിലബസ് ഡൗൺലോഡ് ചെയ്‌ത് സ്വന്തമായി പഠിച്ചു. മൂന്ന് മാസമായിരുന്നു പ്രിപ്പറേഷൻ'.

അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്നതാണ് ജിതിന്റെ കുടുംബം.