കുവൈറ്റ് സിറ്റി: കൊറോണ ( കോവിഡ് 19) പ്രതിരേധ പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈറ്റിൽ രണ്ടാഴ്ചത്തെ പൊതുഅവധി പ്രഖ്യാപിച്ചു. മുഴുവൻ വിമാന സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിറുത്തിവയ്ക്കാനും സർക്കാർ തീരുമാനിച്ചു. 29 വരെയാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയ്ക്കും അവധി ബാഝകമായിരിക്കുമെന്ന് സർക്കാർ വക്താവ് അറിയിച്ചു. വ്യാഴം അർധരാത്രി 12 മുതലാണ് വിമാന സർവീസുകൾ നിറുത്തലാക്കുന്നത്.
പൊതു അവധിക്കാലത്ത് റസ്റ്റാറന്റുകൾ, കഫേകൾ, ഷോപ്പിംഗ് സെന്ററുകൾ, ഹെൽത്ത് ക്ലബുകൾ തുടങ്ങിയവ പ്രവർത്തിക്കരുത്. പൊതുമേഖലയിൽ അത്യാവശ്യം പ്രവർത്തിക്കേണ്ട സ്ഥാപനങ്ങളും സൗകര്യങ്ങളും സംബന്ധിച്ച് ആരോഗ്യമന്ത്രാലയം കൃത്യമായ മാർഗനിർദേശം പ്രഖ്യാപിക്കും.
വ്യാഴം മുതൽ 29വരെ ബാങ്കുകൾ പ്രവർത്തിക്കുന്നതല്ലെന്ന് ബാങ്ക് അധികൃതരും അറിയിച്ചു. വിമാനത്താവളത്തിലേത് ഉൾപ്പെടെയുള്ള ബാങ്ക് ശാഖകൾക്ക് അവധി ബാധകമായിരിക്കും. അതേസമയം എ.ടി.എം, മൊബൈൽ/വെബ്സൈറ്റ് ആപ്പുകൾ വഴിയുള്ള ഇടപാടുകൾക്ക് തടസമുണ്ടാകില്ല.
അതേസമയം കുവൈറ്റിൽ കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ടവരിൽ മൂന്നു പേർകൂടി രോഗമുക്തരായി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് ആയതായി ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹ് അറിയിച്ചു.