വീട്ടിൽ ഏറ്റവും ശാന്തത വേണ്ട സ്ഥലമാണ് കിടപ്പുമുറി. എല്ലാ ജോലികൾക്ക് ശേഷം സുഖമായൊന്നു തലചായ്ച്ചുറങ്ങാൻ കഴിയുന്നിടം. എന്നാൽ ഉറക്കവും വാസ്തുവും തമ്മിൽ ബന്ധമുണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. പണ്ടുള്ളവർ വടക്കോട്ട് തല വച്ചു കിടന്നുറങ്ങരുത് എന്ന് പറയാറുണ്ട്. ഇത് വെറുതെ പറയുന്നതല്ല. കാന്തികവലയവുമായി ബന്ധപ്പെട്ടാണ് ഉറങ്ങാൻ അനുയോജ്യമായ ദിക്കുകളെ വാസ്തു നിർദ്ദേശിക്കുന്നത്.
ഓരോ ദിശയിൽ നിന്നുമുള്ള ഊർജപ്രവാഹം വ്യത്യാസപ്പെട്ടിരിക്കുന്നു. വാസ്തുവിൽ മനുഷ്യന്റെ തലയെ ഉത്തരധ്രുവമായാണ് കണക്കാക്കുന്നത്. ഉറങ്ങുമ്പോൾ തല വടക്കോട്ട് വച്ചാൽ അത് ശരീരത്തിന്റെയും ഭൂമിയുടെയും ഉത്തരധ്രുവങ്ങൾ പരസ്പരം പുറന്തള്ളുകയും രക്തചംക്രമണത്തെ ബാധിക്കുകയും ചെയ്യും. ഭൂമിയുടെ കാന്തികക്ഷേത്രം ശരീരത്തിൽ ഊർജനഷ്ടം ഉണ്ടാക്കാൻ സാദ്ധ്യതയുണ്ട്. അതുപോലെ പടിഞ്ഞാറു ദിശയിൽ തലവച്ചു ഉറങ്ങരുത്. ഇത് ഉറക്കത്തെ അസ്വസ്ഥമാക്കുമെന്ന് വാസ്തുശാസ്ത്രം പറയുന്നു.
കിഴക്കു ദിശയിലേക്ക് തലവച്ച് ഉറങ്ങുന്നതാണ് ഉത്തമം എന്നും ശാസ്ത്രം പറയുന്നു.ഇത് ഓർമ്മശക്തിയും ഏകാഗ്രതയും ആരോഗ്യവും വർദ്ധിപ്പിക്കും. വിദ്യാർത്ഥികളും ജോലിക്കാരുമൊക്കെ കിഴക്കോട്ട് തലവച്ച് ഉറങ്ങണമെന്ന് വാസ്തുശാസ്ത്രം അനുശാസിക്കുന്നു. തെക്കോട്ട് തലവച്ച് ഉറങ്ങുന്നതും അനുയോജ്യമാണ്. ഇത് നല്ല ഉറക്കം നൽകും. ബിസിനസ്, പ്രൊഫഷണൽ മേഖലയിലെ ആളുകൾ ദിവസം മുഴുവൻ കൂടുതൽ സമ്മർദ്ദത്തിലും തിരക്കിലുമായിരിക്കുന്നതിനാൽ തെക്കോട്ട് തലയുയർത്തി ഉറങ്ങണമെന്ന് വാസ്തു നിർദ്ദേശിക്കുന്നു.