കോവിഡ് വൈറസ് ബാധ സിനിമാരംഗത്തെയും സ്തംഭിപ്പിക്കുന്നു. സംസ്ഥാനത്തെ തിയേറ്ററുകളെല്ലാം കഴിഞ്ഞ ദിവസം അടച്ചു. മാർച്ച് 31 വരെ തിയേറ്ററുകൾ തുറക്കേണ്ടെന്നാണ് സിനിമാ രംഗത്തെ സംഘടനകൾ സംയുക്തമായി തീരുമാനിച്ചത്. മികച്ച കളക്ഷനിൽ മുന്നേറിക്കൊണ്ടിരുന്ന വരനെ ആവശ്യമുണ്ട്, അയ്യപ്പനും കോശിയും, ഫോറൻസിക് തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളെ തിയേറ്ററുകൾ താത്കാലികമായി അടച്ചുപൂട്ടിയത് പ്രതികൂലമായി ബാധിക്കും.
ഇന്ന് റിലീസ് നിശ്ചയിച്ചിരുന്ന ടൊവിനോ ചിത്രം കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, മാർച്ച് 26ന് റിലീസ് നിശ്ചയിച്ചിരുന്ന മോഹൻലാൽ - പ്രിയദർശൻ ടീമിന്റെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളുടെ റിലീസ് നീട്ടിവച്ചു. ഈ ചിത്രങ്ങളുടെ റിലീസ് മാറിയത് പിന്നാലെയെത്തുന്ന ചിത്രങ്ങളുടെ റിലീസിനെയും ബാധിക്കും.
ഏപ്രിൽ രണ്ടിന് മമ്മൂട്ടിയുടെ വൺ, പന്ത്രണ്ടിന് ഫഹദ് ഫാസിലിന്റെ മാലിക്ക് എന്നീ ചിത്രങ്ങൾ റിലീസ് നിശ്ചയിച്ചിരുന്നു. എന്നാൽ സീനിയോരിറ്റി ക്രമത്തിൽ റിലീസ് നിശ്ചയിച്ചാൽ ഈ ചിത്രങ്ങളുടെ റിലീസ് തീയതി മാറാൻ സാദ്ധ്യതയുണ്ട്.
ഏപ്രിൽ നാലാം വാരം മുതൽ റംസാൻ നൊയമ്പ് തുടങ്ങുന്നതിനാൽ മലബാർ മേഖലയിലെ തിയേറ്ററുകളിൽ കളക്ഷനിൽ ഗണ്യമായ കുറവ് വരുമെന്നതിനാൽ ചില വമ്പൻ ചിത്രങ്ങൾ മേയ് ഒടുവിൽ റംസാൻ റിലീസായി ചാർട്ട് ചെയ്യാനും സാദ്ധ്യതയുണ്ട്. അത് പക്ഷേ നേരത്തെ റംസാൻ റിലീസായി നിശ്ചയിച്ചിരുന്ന ചിത്രങ്ങളെ ബാധിക്കും.
എന്നാൽ വിജയ് - വിജയ് സേതുപതി ചിത്രമായ മാസ്റ്റർ മുൻ നിശ്ചയപ്രകാരം ഏപ്രിൽ 10ന് തന്നെ റിലീസ് ചെയ്യും. തമിഴ് ചിത്രമായ മാസ്റ്ററിന്റെ കേരള റിലീസ് മാത്രമായി മാറ്റിവയ്ക്കാനാവില്ലെന്നതാണ് കാരണമത്രെ! സിനിമാ തിയേറ്ററുകൾ അടച്ചുപൂട്ടിയത് പോലെ സിനിമാ ചിത്രീകരണങ്ങളും താത്കാലികമായി നിറുത്തിവയ്ക്കാൻ നീക്കമുണ്ട്.
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ദ പ്രീസ്റ്റിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം നിറുത്തി. ലാലും മകൻ ലാൽ ജൂനിയറും ചേർന്നൊരുക്കുന്ന സുനാമിയാണ് ഷൂട്ടിംഗ് നിറുത്തിവച്ച മറ്റൊരു ചിത്രം. ഷൂട്ടിംഗ് തുടരുന്ന ചിത്രങ്ങൾ ബ്രേക്ക് ചെയ്യണോ വേണ്ടയോയെന്ന് സംവിധായകരുടെയും നിർമ്മാതാക്കളുടെയും വിവേചനാധികാരമുപയോഗിച്ച് അവർക്ക് തീരുമാനിക്കാമെന്നും എന്നാൽ ഭക്ഷണം പാകം ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ എല്ലാ സുരക്ഷാക്രമീകരണങ്ങളും പാലിച്ചായിരിക്കണമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ അംഗങ്ങളെ അറിയിച്ചു.
ദ പ്രീസ്റ്റിലെ മമ്മൂട്ടിയുടെ രംഗങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. മഞ്ജുവാര്യർ അഭിനയിക്കുന്ന രംഗങ്ങൾ പൂർത്തിയാകാനുണ്ട്. ഇനി രണ്ടാഴ്ചത്തെ ചിത്രീകരണമാണ് ചിത്രത്തിന് അവശേഷിക്കുന്നതെന്നാണ് വിവരം. റംസാൻ റിലീസായി ചാർട്ട് ചെയ്തിരിക്കുന്ന ചിത്രമാണ് ദ പ്രീസ്റ്റ്.
മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിന്റെ ഇന്ത്യയിലെ രംഗങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ഇനി ഇംഗ്ലണ്ടിലെയും ഈജി്ര്രപിലെയും ചിത്രീകരണമാണ് അവശേഷിക്കുന്നത്. ദുൽഖറിനെ നായകനാക്കി ബൃന്ദാമാസ്റ്റർ ഒരുക്കുന്ന തമിഴ് ചിത്രം ഇന്ന് ചെന്നൈയിൽ തുടങ്ങും. പ്രണവ് മോഹൻലാലിനെയും കല്ല്യാണി പ്രിയദർശനെയും നായകനും നായികയുമാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിന്റെ ചിത്രീകരണവും ചെന്നൈയിൽ പുരോഗമിക്കുകയാണ്.