donald-trump

വാഷിംഗ്ടണ്‍: കൊറോണ വെെറസ് പടരുന്ന സാഹചര്യത്തിൽ യൂറോപ്പില്‍ നിന്നുള്ള എല്ലാ യാത്രകളും യു.എസ് 30 ദിവസത്തേക്ക് നറുത്തിവച്ചു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം യു.കെയെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 'പുതിയ കേസുകള്‍ ഞങ്ങളുടെ തീരങ്ങളില്‍ പ്രവേശിക്കുന്നത് തടയാന്‍, അടുത്ത 30 ദിവസത്തേക്ക് യൂറോപ്പില്‍ നിന്ന് അമേരിക്കയിലേക്കുള്ള എല്ലാ യാത്രകളും താല്‍ക്കാലികമായി നിറുത്തിവയ്ക്കും. വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും' ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തുക്കൊണ്ട് പറഞ്ഞു. ‘കഠിനം എങ്കിലും അത്യാവശ്യം ‘ എന്നാണ് യാത്രാവിലക്കിനെക്കുറിച്ച് ട്രംപ് പ്രതികരിച്ചത്.

121 രാജ്യങ്ങളില്‍ പടര്‍ന്നതോടെ കൊറോണ (കോവിഡ്-19) വൈറസ് ബാധ മഹാമാരിയായി ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യു.എസ് കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുന്നത്. വൈറസ് വ്യാപനം തടയാന്‍ ഓരോ രാജ്യവും കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന ഉപദേശിച്ചു. നൂറിലധികം രാജ്യങ്ങളിലേക്ക് പടര്‍ന്ന കോവിഡ് 19 ബാധിച്ച് നാലായിരത്തലധികം പേരാണ് ഇതിനകം മരിച്ചത്. പതിനായിരക്കണക്കിനാളുകള്‍ക്ക് വൈറസ്ബാധയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറ്റലിയിലും ഇറാനിലും വൈറസ് ബാധ നിയന്ത്രണാധീതമായി തുടരുകയാണ്. ലോകമെമ്പാടുമുള്ള സര്‍ക്കാരുകളുടെ നിഷ്‌ക്രിയത്വം പ്രതിസന്ധിക്ക് ആക്കംകൂട്ടിയെന്നും ദിനം തോറും രാജ്യങ്ങളോട് അടിയന്തരവും ക്രിയാത്മകവുമായ നടപടികള്‍ എത്രയും വേഗം തന്നെ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.