കൊറോണ വൈറസിന്റെ ബാക്കി പത്രം എന്താണ് ? ഈ ലേഖനം എഴുതുന്നതിന് അഞ്ച് മിനിട്ട് മുമ്പുള്ള കണക്കനുസരിച്ച് 4291 മരണം, 118000 പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു. ആറ് ഭൂഖണ്ഡങ്ങളിലായി നൂറ് രാജ്യങ്ങളെ വൈറസ് ബാധിച്ചു . ഭീതിപരത്തുന്ന കൊറോണ വൈറസിന്റെ 81 ശതമാനവും തീർത്തും ദുർബലമാണന്ന് ചൈനയിൽ നിന്നുള്ള ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ പറയുന്നു ചൈനയിൽ കൊറോണ ബാധിച്ചവരിൽ ഏതാണ്ട് 70 ശതമാനത്തോളം രോഗവിമുക്തരായി എന്ന്. ഹോങ്കോങ് സർവകലാശാലയിലെ വൈറോളജി വിദഗ്ദ്ധനായ ഡോങ്ക് യാൻ പറയുന്നു ഇക്കാര്യത്തിൽ ഭീതി പൂണ്ട് പലരും അതിശയോക്തി പരത്തുകയാണെന്ന്.
ചൈനയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു അവിടെയുണ്ടായ വൈറസ്ബാധ 81 ശതമാനം നേരിയ തോതിൽ മാത്രമുള്ളതാണെന്ന് . 14 ശതമാനം ഗുരുതരവും അഞ്ച് ശതമാനം അപകടകരവുമാണ് . മരണനിരക്ക് രാജ്യമൊട്ടാകെ എടുക്കുമ്പോൾ 0.4 ശതമാനം മാത്രമേയുള്ളൂ. സാധാരണ ഫ്ളു മുഖാന്തരം പ്രതിവർഷം 0.1 ശതമാനം മരണമുണ്ടാകുമെന്നും ചൈനീസ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
പ്രമുഖ വൈറോളജിസ്റ്റ് ഡോ. ജീൻ പറയുന്നു നേരിയ തോതിലുള്ള വൈറസ് ബാധ ഒരു ഫ്ളൂ പോലെ താനേ കുറഞ്ഞു കൊള്ളുമെന്ന് . ന്യൂ ഇംഗ്ലണ്ട് ജേർണൽ ഒഫ് മെഡിസിനിൽ അഞ്ച് ഡോക്ടർമാർ ചേർന്നെഴുതിയ ലേഖനത്തിൽ പറയുന്നത് ഇപ്രകാരമാണ് , നേരിയ വൈറസ് സാധാരണ രോഗിയെ തളർത്തില്ലെങ്കിലും മെഡിക്കൽ സംവിധാനത്തെയും സാമ്പത്തിക മേഖലയേയും തകർക്കും. രണ്ട് സാദ്ധ്യതകളാണ് ഡോക്ടർ ജീൻ തന്റെ മുമ്പിൽ കാണുന്നത്. ഒന്ന് , വൈറസ് സ്വയം നിർവീര്യമായി പടരാനുള്ള സാദ്ധ്യത ക്രമേണ കുറഞ്ഞു വരും. രണ്ട്, വൈറസ് മനുഷ്യശരീരത്തിൽ ഉറച്ചു നിൽക്കും. ഫ്ളൂ പോലെ ഇടയ്ക്കിടെ ശല്യം ചെയ്തുകൊണ്ടുമിരിക്കും. അതുമായി പൊരുത്തപ്പെട്ട് ജീവിക്കാൻ നാം ശീലിക്കും. ഇതിനിടയിൽ ഫലപ്രദമായ പ്രതിരോധ കുത്തിവയ്പ് കണ്ടുപിടിച്ചെന്നും വരാം. ഷാങ്ഹായിലെ പൊതുജനാരോഗ്യ വിദഗ്ദ്ധൻ ഡോ. ലൂ ഹോങ് ഷൂവിന്റെ കാഴ്ചപ്പാടിൽ നേരിയ തോതിൽ വൈറസ് ബാധിച്ചവരിൽ ഇതിനെതിരെയുള്ള ആന്റി ബോഡി താനേ വളരും. ഇത് വൈറസ് ബാധയെ ചെറുക്കാൻ അവരുടെ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യും രോഗപ്രതിരോധശേഷി വർദ്ധിക്കും. ശാസ്ത്രമറിയാത്ത സാധാരണക്കാരൻ ഇതൊക്കെ കേൾക്കുമ്പോൾ തലയിൽ കൈവച്ചു കൊണ്ട് പറഞ്ഞു പോകുന്ന ഒരു കാര്യമുണ്ട് ' ഒരു നിശ്ചയമില്ല ഒന്നിനും വരും ഓരോ അണു" വന്ന പോലെ പോം തിരിയാ രോഗരഹസ്യം ആർക്കുമേ ".
മൂന്ന് കാളകളും
കേരളവും
ഇതിന് മുമ്പ് നിപ്പ വൈറസ് പടർന്നപ്പോഴും ഇപ്പോൾ കൊറോണ വൈറസ് പടരുമ്പോഴും കേരളം അതിന്റെ ആന്തരികശക്തി കാട്ടുന്നു എന്നത് വലിയ കാര്യമാണ്. നേപ്പാളിലെ രാജാവിനെക്കുറിച്ച് പറയുന്ന ഒരു കഥയുണ്ട്, അദ്ദേഹം തീരുമാനിച്ചു, തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കുന്നത് രാജ്യത്തെ ഏറ്റവും ധീരനായ കുമാരന് ആയിരിക്കുമെന്ന്. അദ്ദേഹം ഒരു മത്സരമേർപ്പെടുത്തി. മൂന്ന് പടുകൂറ്റൻ കാളകളെ ഒന്നിന് പിറകെ ഒന്നായി ഇറക്കി വിടും. ഇതിന്റെ കൊമ്പിൽപ്പിടിച്ച് കൊമ്പ് കുത്തിക്കാൻ കഴിയുന്ന ധീരയുവാവിന് മാത്രമേ മകളെ കല്യാണം കഴിച്ചു കൊടുക്കൂ. മത്സരത്തിൽ പങ്കെടുക്കാൻ വീരകുമാരൻമാർ വന്നു . ഒന്നാമത്തെ കാള സ്പെയിനിലെ അങ്കക്കാളയെ വെല്ലുന്ന രീതിയിൽ വലിപ്പമുള്ള ഒരു കൂറ്റൻ കാളയായിരുന്നു. അത് ചീറിപ്പാഞ്ഞു വന്നപ്പോൾ യുവാക്കൾ ഓർത്തു, അടുത്തതിനെ പിടിക്കാം. അടുത്ത കാളയാകട്ടെ ആനയും കാട്ടുപോത്തും കാണ്ടാമൃഗവും ചേർന്ന രീതിയിലുള്ള ഒരു ഭീകര സത്വം, അവർ അതിനെയും വിട്ടു. മൂന്നാമത്തെ കാള വന്നു. ചാടിപ്പിടിച്ചു പക്ഷേ ആ കാളയ്ക്ക് കൊമ്പില്ലായിരുന്നു. അതുകൊണ്ട് ഒരു വെല്ലുവിളി ഉണ്ടാകുമ്പോൾ പെട്ടെന്നുതന്നെ പ്രതികരിക്കാൻ കഴിയണം. കേരളത്തിന് അത് കഴിഞ്ഞു. നാം എല്ലാം സ്നേഹപൂർവം നമ്മുടെ പ്രിയപ്പെട്ട പെങ്ങളൂട്ടി ആയ ശൈലജ ടീച്ചറിന്റെ പിന്നിൽ അണിനിരക്കുക. ഏത് സാഹചര്യത്തെയും തരണം ചെയ്യാൻ നമുക്ക് കഴിയും. അതാണ് മലയാളിയുടെ ആത്മവീര്യം.