bird-flu

മലപ്പുറം: കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടന്ന് കൊണ്ടിരിക്കെ മലപ്പുറത്തും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തു. ഇതേ തുടർന്ന് കളക്ട്രേറ്റിൽ അടിയന്തര യോഗം ചേർന്നു. മലപ്പുറത്ത് പരപ്പനങ്ങാടി പാലത്തിങ്ങലിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെയുള്ള ഫാമുകളിലെ കോഴികൾ ചത്തിരുന്നു.

ഞായറാഴ്ചയാണ് ഭോപ്പാലിലേക്ക് സാമ്പിൾ പരിശോധനയ്ക്കയച്ചത്. ഇന്നലെ രാത്രിയോടെ രോഗം സ്ഥിരീകരിച്ച റിപ്പോർട്ട് ലഭിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ അനുസരിച്ച് തുടർ നടപടികളുണ്ടാകും. രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റ‍ർ പരിധിയിലുള്ള കോഴികളെ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കൊല്ലും.

വീടിന് പുറകിലുണ്ടായിരുന്ന ചെറിയ ഫാമിലെ കോഴികളാണ് രോഗം ബാധിച്ച് ചത്തത്. ആരോഗ്യ വകുപ്പ് പ്രവർത്തകരടക്കം കളക്ട്രേറ്റിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.

കോഴിക്കോട് ജില്ലയിലെ വേങ്ങേരിയിലും കൊടിയത്തൂരിലുമായിരുന്നു ആദ്യം രോഗം സ്ഥിരീകരിച്ചത്.