ramesh-chennithala

തിരുവനന്തപുരം: കോവിഡ്-19 വൈറസ് ബാധ കേരളത്തിൽ 14 പേരിലേക്ക് വ്യാപിച്ച സാഹചര്യത്തിൽ ജാഗ്രതയുടെ ഭാഗമായി നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി. സഭ വെട്ടിച്ചുരുക്കുന്നത് ജനങ്ങളിൽ ഭീതി പടർത്തുമെന്നും നടപടിയോട് യോജിക്കുന്നില്ലെന്നും പ്രതിപക്ഷം അറിയിച്ചു. പാർലമെന്റ് സമ്മേളനം പോലും തുടരുന്ന സാഹചര്യത്തിൽ കോവിഡ്-19 ഭീതിയുടെ മറപറ്റി നിയമസഭാ സമ്മേളനം അവസാനിപ്പിക്കുനുള്ള നീക്കത്തിൽ ദുരുദ്ദേശമുണ്ടെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളിയതിനെതിരെ നടുത്തളത്തിൽ ഇറങ്ങി പ്രതിപക്ഷം ബഹളം വയ്ക്കുന്നതിനിടയിലാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കുന്ന പ്രസ്താവന മുഖ്യമന്ത്രി നടത്തിയത്. അപ്പോൾ പ്രസ്താവനയെ എതിർക്കാതെ പ്രതിപക്ഷം സഭവിട്ടിറങ്ങി. കോവിഡ്-19 കാരണം പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. പതിനാല് ജില്ലകളിലും മന്ത്രിമാർ പങ്കെടുക്കുന്ന അവലോകനയോഗങ്ങൾ നടത്തുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. മുസ്ളീം ലീഗ് അംഗം കെ.എൻ.എ ഖാദർ ആവശ്യപ്പെട്ടത് പരിഗണിച്ച് നിയമസഭാ സമ്മേളനം തുടരണോ എന്ന് ചർച്ച ചെയ്യാൻ നാളെ കാര്യോപദേശക സമിതി യോഗം ചേരും. കോവിഡ്-19 വൈറസിനെ നേരിടുന്നതിൽ സർക്കാർ നേട്ടമുണ്ടാക്കുന്നെന്ന കെ.പി.സി.സി ഭാരവാഹി യോഗത്തിലെ പ്രസ്താവന സംസ്ഥാന താത്പര്യത്തിനെതിരാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കെ.എൻ.എ ഖാദർ വ്യക്തിയെന്ന നിലയിൽ നൽകിയതാണ് നോട്ടീസെന്നും പിന്നീട് കക്ഷിനേതാക്കളുടെ യോഗത്തിൽ സഭാ സമ്മേളനം തുടരാൻ തീരുമാനമായെന്നും പ്രതിപക്ഷം പറഞ്ഞു. ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അരോപിച്ചു. നിയമസഭയിലുണ്ടായ ദൃശ്യങ്ങൾ മാറ്റി തനിക്കനുകൂലമായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച് പ്രതിപക്ഷത്തെ മോശമായി ചിത്രീകരിച്ചെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തോടെ കോവിഡ്-19 വൈറസിനെ ചൊല്ലി സംസ്ഥാനത്ത് രാഷ്ട്രീയ വിവാദവും ഉണ്ടായിരിക്കുകയാണ്.