സിഡ്നി: ഹോളിവുഡ് സൂപ്പർതാരം ടോം ഹാങ്ക്സിനും (63)ആ ഭാര്യ റീത വിൽസണും കൊറോണ സ്ഥിരീകരിച്ചു. ആസ്‌ട്രേലിയയിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ് ഇരുവരും. കൊറോണ വൈറസ് പരിശോധനാഫലം പോസിറ്റീവ് ആണെന്ന് ഹാങ്ക്‌സ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
‘ഞാനും റീതയും ആസ്ട്രേലിയയിലാണ്. ജലദോഷവും ശരീരവേദനയും ചെറിയ പനിയും കാരണം ഞങ്ങൾ രണ്ട് പേരും ക്ഷീണിതരായിരുന്നു. കാര്യങ്ങൾ ശരിയായ രീതിയിൽ പോവേണ്ടതുകൊണ്ട് കൊറോണ വൈറസ് ബാധയുണ്ടോ എന്നറിയാനായി ടെസ്റ്റ് ചെയ്തു. ഫലം പോസിറ്റീവാണ്’.
‘മെഡിക്കൽ പെരുമാറ്റച്ചട്ടം നിർബന്ധമായും പാലിക്കേണ്ടതുണ്ട്. പൊതു ജനാരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് ഞങ്ങൾ നിരീക്ഷണത്തിൽ തുടരും. കൂടുതൽ വിവരങ്ങൾ ട്വിറ്ററിലൂടെ അറിയിക്കുമെന്നും കുറിപ്പിൽ പറയുന്നു.
അമേരിക്കൻ ഗായകനും നടനുമായ എൽവിസ് പ്രിസ്‌ലിയുടെ ജീവിതം പ്രമേയമാക്കുന്ന സിനിമയിൽ അഭിനയിക്കാനാണ് ടോം ഹാങ്ക്സ് ആസ്‌ട്രേലിയയിൽ എത്തിയത്.
സ്‌പ്ലാഷ്, ബാച്ചിലർ പാർട്ടി, കാസ്റ്റ് എവേ, അപ്പോളോ 13, ക്ലൗഡ് അറ്റ്‌ലസ്, ബ്യൂട്ടിഫുൾ ഡേ ഇൻ ദ നെയ്ബർഹുഡ് തുടങ്ങി നിരവധി സിനിമകളിൽ ഹാങ്ക്സ് അഭിനയിച്ചിട്ടുണ്ട്.