ന്യൂഡൽഹി: കോവിഡ്-19 വൈറസ് ബാധ ലോകവ്യാപകമായ സാഹചര്യത്തിൽ നയതന്ത്ര വിസകൾ ഒഴികെ വിദേശികൾക്ക് അനുവദിച്ചിട്ടുള്ള എല്ലാ വിസയും റദ്ദാക്കിയതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ലോക്‌സഭയിൽ പറഞ്ഞു.
വൈറസ് ബാധയുള്ള രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാരെയും ക്വാറന്റൈൻ ചെയ്യുമെന്നും, ഇന്ത്യൻ പൗരൻമാർ അനാവശ്യയാത്രകൾ ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കോവിഡ്-19 വൈറസിനെ തടയാനുള്ള എല്ലാ ശ്രമങ്ങളും മന്ത്രിതല സമിതി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം ലോക്‌സഭയിൽ പറഞ്ഞു.
ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരിൽ നിന്ന് ശേഖരിച്ച 529 സാമ്പിളുകളിൽ 229 സാമ്പിളുകൾ നെഗറ്റീവായിരുന്നുവെന്ന് വിദേശ മന്ത്രി സഭയെ ധരിപ്പിച്ചു. 6,000 ഇന്ത്യക്കാരാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നത്. അവരെ തിരികെയെത്തിക്കുക എന്നതാണ് പ്രധാനം. സർക്കാർ അവരുടെ കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. ഇറാനിലുള്ള 6,000 പേരിൽ 1,100 പേർ മഹാരാഷ്ട്ര, ജമ്മു എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ്. ജമ്മുവിൽ നിന്നുള്ള 300 വിദ്യാർത്ഥികളുമുണ്ട്.
നിരവധി ഇന്ത്യാക്കാർ ഇറ്റലിയിലെ വിവിധ പ്രവിശ്യകളിലായി കുടുങ്ങിക്കിടപ്പുണ്ട്. അവരെയെല്ലാം തിരികെയെത്തിക്കാനുള്ള ശ്രമം നടത്തും. ഇവരെ പരിശോധനകൾക്ക് ശേഷം മാത്രമേ ഇന്ത്യയിലെത്തിക്കാനാകു. അതിനാവശ്യമായ മെഡിക്കൽ സംഘം ഇറാനിലേക്ക് ഉടനെ പുറപ്പെടും. പരിശോധനയിൽ രോഗമില്ലെന്ന് ഉറപ്പിച്ചവരെ മാത്രമേ തിരികെ നാട്ടിലെത്തിക്കു. വ്യാപകമായി നാശം വിതയ്ക്കാൻ കെൽപ്പുള്ള പകർച്ചവ്യാധി പടരുന്ന സാഹചര്യത്തിൽ രാജ്യത്തോട് തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വൈറസ് വ്യാപനത്തിലും യാത്രാ വിലക്കിലും ജനങ്ങൾക്ക് ആശങ്കയുണ്ടാകും. അത് മനസിലാക്കുന്നതായും, ആഗോളതലത്തിൽ അംഗീകരിച്ചിട്ടുള്ള പ്രതിരോധ നടപടികളിൽ കൂടി ജനങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കുമെന്നും അമിതമായ നടപടികൾ ഇക്കാര്യത്തിൽ ദോഷമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിൽ കോവിഡ്-19 വൈറസ് പരിശോധനയ്ക്കായി ലാബ് സൗകര്യം ഒരുക്കുമെന്നും അതിനായി കാലതാമസമുണ്ടാകാതെ വിദഗ്ദ്ധരെ അങ്ങോട്ട് അയക്കുമെന്നും വിദേശ മന്ത്രി വ്യക്തമാക്കി.