പത്തനംതിട്ട: കൊറോണ ഭീതി വ്യാപിക്കുന്നതിനിടെ മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. തീർത്ഥാടകർക്ക് ദർശനമില്ല. ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം, സഹസ്രകലശം, വിശേഷാൽ വഴിപാടുകൾ എന്നിവ ഒഴിവാക്കി.
തന്ത്രി മഹേഷ് മോഹനരുടെ സന്നിദ്ധ്യത്തിൽ മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിയിക്കും. നട അടയ്ക്കുന്ന 18ന് രാത്രി വരെ ക്ഷേത്ര പൂജകളായ ഗണപതിഹോമം, നെയ്യഭിഷേകം, ഉഷഃപൂജ, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നിവയുണ്ടാകും.
അപ്പം, അരവണ കൗണ്ടറുകൾ തുറക്കില്ല. ദേവസ്വം ബോർഡിന്റെയും അയ്യപ്പസേവാസംഘത്തിന്റെയും കുടിവെളള വിതരണവും അന്നദാനവും ഉണ്ടാകില്ല.
ദേവസ്വത്തിന്റെ സ്ഥിരം ജീവനക്കാരല്ലാതെ സ്പെഷ്യൽ ഡ്യൂട്ടിക്ക് ആരെയും നിയോഗിക്കില്ല. പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം എന്നിവിടങ്ങളിൽ ആശുപത്രികൾ തുറക്കില്ല.
അടിയന്തര സാഹചര്യമുണ്ടായാൽ ആശുപത്രിയിലെത്തിക്കാൻ അയ്യപ്പസേവാ സംഘത്തിന്റെ ആംബുലൻസും 5 സന്നദ്ധ പ്രവർത്തകരുമുണ്ടാകും. പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസുകൾ ഇല്ല.
'' ശബരിമലയിലേക്ക് ദർശനത്തിനായി ആരും വരരുതെന്നാണ് അഭ്യർത്ഥന. വാശിയോടെ ആരെങ്കിലും വന്നാൽ ഒരു സൗകര്യവും ഉണ്ടാകില്ല.
- എൻ.വാസു, ദേവസ്വം ബോർഡ് പ്രസിഡന്റ്
ദർശനത്തിനായി ആരെങ്കിലും എത്തിയാൽ നിലയ്ക്കലും പമ്പയിലും വച്ച് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തും. ബലം പ്രയോഗിച്ച് ആരെയും തടയില്ല.
- കെ.ജി.സൈമൺ, പത്തനംതിട്ട പൊലീസ് ചീഫ്
രണ്ടുവർഷത്തിനിടെ രണ്ടാമത്
നട തുറന്നിരിക്കുമ്പോൾ ഭക്തർക്ക് ദർശനത്തിന് അവസരമില്ലാത്ത സാഹചര്യം ശബരിമലയിൽ രണ്ടു വർഷത്തിനിടെ രണ്ടാമതാണ്. 2018 ആഗസ്റ്റിലെ പ്രളയത്തിൽ പമ്പ നിറഞ്ഞ് ഗതിമാറി ഒഴുകിയതിനെ തുടർന്ന് ഭക്തർക്ക് ദർശനത്തിന് എത്താനായില്ല. നിറപുത്തരി ചടങ്ങിനായി ആഗസ്റ്റ് 14ന് തന്ത്രി മഹേഷ് മോഹനര് വനത്തിലൂടെ പുല്ലുമേട് വഴിയാണ് സന്നിധാനത്ത് എത്തിയത്. നിറപുത്തരിക്കുള്ള നെൽക്കതിർ രണ്ട് യുവാക്കൾ പമ്പാനദിയിലെ പ്രളയജലത്തിന് കുറുകെ സാഹസികമായി നീന്തി മറുകരയെത്തിക്കുകയായിരുന്നു.