ചെന്നൈ: മുഖ്യമന്ത്രിയാകാൻ തനിക്ക് താൽപര്യമില്ലെന്നും തന്റെ പാർട്ടി അധികാരത്തിൽ എത്തിയാൽ കഴിവുറ്റ ചെറുപ്പക്കാരനായ ഒരു മുഖ്യമന്ത്രിയെ തിരഞ്ഞടുക്കുമെന്നും സൂപ്പർതാരം രജനീകാന്ത് പ്രഖ്യാപിച്ച
ഇന്നലെ ചേർന്ന പ്രവർത്തകരുടെ യോഗത്തിൽ തന്റെ രാഷ്‌ട്രീയ ആശയങ്ങൾ അവതരിപ്പിക്കുകയായിരുന്നു രജനീകാന്ത്.
മുഖ്യമന്ത്രി ആവുക എന്നത് തന്റെ ചോരയിൽ ഇല്ലെന്നും എന്നാൽ പാർട്ടിയുടെ ഭരണ നേതൃത്വം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
രജനിയുടെ വാക്കുകൾ:
പാർട്ടി നേതൃത്വവും സർക്കാരും രണ്ടായിരിക്കും. കഴിവുള്ള ചെറുപ്പക്കാരെ രാഷ്‌ട്രീയത്തിലേക്ക് കൊണ്ടുവരും. തന്റെ നേതൃത്വത്തിലുള്ള ഒരു പാർട്ടി കൗൺസിൽ ആയിരിക്കും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കണ്ടെത്തുന്നത്. കഴിവുള്ള ഒരു ചെറുപ്പക്കാരനായിരിക്കും മുഖ്യമന്ത്രി. ദേശീയ രാഷ്‌ട്രീയത്തിലും സംസ്ഥാന രാഷ്‌ട്രീയത്തിലും പാർട്ടി നേതാവ് സർക്കാരിന്റെയും തലവനാവുന്നതായിരുന്നു പതിവ്. അങ്ങനെ വരുമ്പോൾ സ്വന്തം പാർട്ടിക്കാർക്ക് പോലും ചോദ്യങ്ങൾ ചോദിക്കാനാവാതെ വരും. അതുകൊണ്ടാണ് പാർട്ടിയുടെയും സർക്കാരിന്റെയും
നേതൃത്വം രണ്ടായിരിക്കണമെന്ന് താൻ തീരുമാനിച്ചത്.
മുഖ്യമന്ത്രി സി. ഇ. ഒ
മുഖ്യമന്ത്രി പദം ഒരു സി. ഇ. ഒയുടെ പദവിക്ക് തുല്യമാണ്. ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ നിറവേറ്റാൻ പരിചയസമ്പന്നരുടെ ഒരു സമിതി രൂപീകരിക്കും. അതിന്റെ സി. ഇ. ഒ ആയിരിക്കും മുഖ്യമന്ത്രി. ഞാൻ മുഖ്യമന്ത്രിയാകുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. അത് എന്റെ രക്തത്തിൽ ഇല്ല. മുൻ കേന്ദ്രമന്ത്രി ചിദംബരം, അന്തരിച്ച ചോ രാമസ്വാമി തുടങ്ങിയവർ ഞാൻ മുഖ്യന്ത്രിയാകണമെന്ന് നിർബന്ധിച്ചിട്ടുണ്ട്. ചെറുപ്പക്കാരനും വിദ്യാസമ്പന്നനും, പ്രതിഭാധനനും വിശാലമനസ്‌കനും കാരുണ്യവാനുമായ ഒരു മുഖ്യമന്ത്രിയെ ആണ് നമുക്ക് വേണ്ടത്. നമ്മൾ പ്രതിപക്ഷത്തെ പോലെയായിരിക്കും. സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ നമ്മൾ ഇടപെടുകയുമില്ല. ഒരു സമാന്തര അധികാരകേന്ദ്രം സൃഷ്‌ടിക്കില്ല. 1996ൽ മുൻ മുഖ്യമന്ത്രി കലൈഞ്ജർ കരുണാനിധിയെ പിന്തുണച്ചതു മുതൽ എന്റെ രാഷ്‌ട്രീയം എന്തായിരിക്കണമെന്ന് ഞാൻ ആലോചിച്ചു വരികയായിരുന്നു. ജനങ്ങളുടെ മനസും വ്യവസ്ഥിതിയും രാഷ്‌ട്രീയ അന്തരീക്ഷവും മാറ്റാതെ സർക്കാർ മാത്രം മാറിയതുകൊണ്ട് കാര്യമില്ല. മീൻകറി വയ്‌ക്കുന്ന ചട്ടിയിൽ ചക്കരപ്പൊങ്കൽ വയ്‌ക്കാനാവില്ല.