കൊറോണ എന്ന അണുജീവിയെ പേടിച്ച് ലോകം വിറങ്ങലിച്ചു നിൽകുന്ന സമയം. ഞാൻ ഊട്ടി ഗുരുകുലത്തിലെ തണുപ്പുളള അന്തരീക്ഷത്തിൽ കഴിയുന്നു. തണുപ്പുള്ളിടത്താണത്രെ കൊറോണ വൈറസ് പെട്ടെന്ന് വ്യാപിക്കുന്നത്. ഒരാൾ കാണാൻ വന്നു. സംസാരിക്കാനുളളത് കൊറോണയെപ്പറ്റി മാത്രം. അദ്ദേഹം ചോദിക്കുന്നു: 'വർദ്ധിച്ചു വരുന്ന ജനസംഖ്യ കുറയ്ക്കാൻ മനുഷ്യരുടെ ഇടയിലേക്ക് ദൈവം അയച്ചതാണോ ഈ കുഞ്ഞു സാധനം' അതിന്റെ ലക്ഷണമാണ് കാണുന്നതെങ്കിലും അങ്ങനെ പറയുന്നതിനെ അന്ധവിശ്വാസമെന്ന് ആധുനിക മനുഷ്യൻ കണക്കാക്കും. ആരോഗ്യദായകമായ ബാക്ടീരിയകളും വൈറസുകളുമുണ്ട്. രോഗകാരണമായവയുമുണ്ട്. ആരോഗ്യ ദായകമായവയെ സ്വീകരിക്കാനും രോഗകാരണമായവയെ ചെറുത്തു നിൽക്കാനുമുളള ശക്തി പ്രകൃതി തന്നെ മനുഷ്യന് നൽകിയിട്ടുണ്ട്, മറ്റു മൃഗങ്ങൾക്കും. മെഡിക്കൽ സയൻസൊന്നും പ്രചാരത്തിൽ ഇല്ലാതിരുന്ന മുക്കാൽ നൂറ്റാണ്ട് മുൻപ് വരെ മനുഷ്യരൊക്കെ നല്ല ആരോഗ്യമുളള, ഒത്തശരീരമുളളവരായി ജീവിച്ചു. അങ്ങനെ ജീവിക്കുന്ന കുറച്ച് മനുഷ്യർ ഇപ്പോഴും ആധുനികത തീണ്ടിയിട്ടില്ലാത്ത ഉൾഗ്രാമപ്രദേശങ്ങളിലുണ്ട്.
ആരോഗ്യശാസ്ത്രവും മെഡിക്കൽ സയൻസുമൊക്കെ പരിഷ്കൃതലോകത്ത് പ്രചാരത്തിൽ വന്നതോടെ രോഗാണു നശീകരണവും പ്രചാരത്തിലായി. അതുപയോഗിക്കുമ്പോൾ രോഗാണുക്കൾ മാത്രമല്ല നശിക്കുന്നത്. ആരോഗ്യത്തെ സംരക്ഷിക്കുന്ന അണുക്കളും നശിക്കും.അവ നശിക്കുന്നതോടൊപ്പം വായുവും വെളളവും മണ്ണും മലിനമാക്കപ്പെടും. വിഷപ്രയോഗ സമൃദ്ധമായ മണ്ണും അതിൽ വിളയുന്ന വിഷം പൂശിയ ആഹാരങ്ങളും ഒക്കെകൂടി മനുഷ്യ ശരീരത്തെ ഒരു പ്രതിരോധ ശേഷിയുമില്ലാത്തതും തിന്നു പെരുക്കുന്നതും, സന്തതികളെ ജനിപ്പിക്കുന്നതും ധാരാളം പണമുണ്ടാക്കി സ്വന്തം നാശത്തിനുവേണ്ടി അതിനെ വിനിയോഗിക്കുന്നതുമായ കമ്പ്യൂട്ടർ പോലെയുളള യന്ത്രമാക്കി മാറ്റിക്കഴിഞ്ഞു. പുരോഗതിയുടെയും വികസനത്തിന്റെയും ശാസ്ത്രീയമായ നേട്ടങ്ങളുടെയും ഈ പോക്ക് മനുഷ്യനെയും ഭൂലോകത്തെയും എവിടെ കൊണ്ടെത്തിക്കും എന്ന് അന്തം വിട്ടു നിൽക്കുന്നവരാണ് അല്പം ചില വിവേകമുളളവർ. ഇപ്പോൾ അങ്ങനെയൊരു സർവനാശത്തിന്റെ തുടക്കമാണോ ഈ കോറോണ പ്രശ്നം എന്ന് ആരെങ്കിലും കരുതിപ്പോയാൽ അത് സ്വാഭാവികം മാത്രം. 'ഇതിനെന്താ സ്വാമി ഒരു പരിഹാരം?' തല്ക്കാലം വൈറസ് ബാധയിൽ നിന്നും രക്ഷപ്പെട്ടു നിൽക്കാനുള വഴികൾ കണ്ടെത്തുക. ഒപ്പം മനുഷ്യൻ തനിക്കുതന്നെ വരുത്തിവച്ച വിനകൾ മനസിലാക്കി തിരുത്തുക. ഈ തിരുത്തൽ വ്യക്തികളുടെ ഭാഗത്തു നിന്നു മാത്രം ഉണ്ടാകേണ്ടതല്ല. പരിഷ്കാരം, പുരോഗമനം, ശാസ്ത്രം കൊണ്ടുളള പ്രയോജനം എന്നതിനെല്ലാം ഒരു പുതിയ ദിശ കൈവരുത്തണം. പ്രകൃതിയോടിണങ്ങി പ്രകൃതിയുടെ ഭാഗമായി പ്രകൃതിയെ ചൂഷണം ചെയ്യാതെ മനുഷ്യൻ ജീവിക്കുന്നതിലേക്ക് നയിക്കുന്ന ദിശാബോധം. പ്രകൃതിസഹജമായ ആന്തരികവീര്യം നഷ്ടപ്പെടുത്തി ശാസ്ത്രദത്തമായ ശാരീരികവീര്യം കൊണ്ടു ജീവിക്കുന്നവരുടെ ജീനുകളിൽ നിന്ന് ഉണ്ടായിവരുന്ന സന്തതികളും അതുപോലെതന്നെയിരിക്കും. അതുകൊണ്ട് ഇമ്മാതിരി സർവവ്യാപിയായ മഹാമാരികൾ പോലെയുളള ദുരന്തങ്ങളിൽ നിന്ന് പൂർണമായി രക്ഷപ്പെടാൻ ഇനി ഒന്നു രണ്ടു തലമുറകൾ നീണ്ടുനിൽക്കുന്ന പ്രകൃതിയിലേക്ക് തിരിച്ചു പോകുന്നതിനുളള തീവ്രയത്നം വേണ്ടിവരും. കൊറോണ വൈറസിനെപ്പറ്റി കഴിഞ്ഞദിവസം കാണാനിടയായ ശാസ്ത്രീയമായ ഒരു വീഡിയോ സംപ്രേഷണം ഇതുതന്നെ പഠിപ്പിക്കുന്നു. പ്രകൃതിദത്തമായ ആരോഗ്യമുളളവർക്ക് ഇതൊരു ജലദോഷം പോലെ വന്നുപോവുകയെ ഉള്ളൂവെന്നും ആ സംപ്രേഷണം പഠിപ്പിക്കുന്നു.