kamalnath-

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ ബി. ജെ. പിയിലേക്ക് കാലുമാറിയതിനെ തുടർന്നുള്ള രാഷ്ട്രീയ നാടകങ്ങൾ തുടരുന്നതിനിടെ, രാജിവച്ച 22 വിമത എം.എൽ.എമാരിൽ ആറു മന്ത്രിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സ്പീക്കർ എൻ.പി.പ്രജാപതിക്ക് കത്ത് നൽകി. അതേസമയം, ന്യൂനപക്ഷമായ കമൽനാഥ് സർക്കാരിനെതിരെ നിയമസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ബി. ജെ. പിയും ഒരുങ്ങുന്നു. വിമതരെ ബി. ജെ. പി ബംഗളുരുവിൽ ബന്ദികളാക്കിയിരിക്കയാണെന്നും അവരെ മോചിപ്പിച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും കോൺഗ്രസും പ്രഖ്യാപിച്ചു.


ആറ്മന്ത്രിമാരെ ഭരണഘടനയുടെ പത്താം ഷെഡ്യൂൾ 191(2) അനുച്ഛേദം പ്രകാരം അയോഗ്യരാക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. നിയമസഭാംഗമോ നിയമസഭാ കൗൺസിൽ അംഗമോ പാർട്ടി അംഗത്വം ഉപേക്ഷിക്കുകയോ പാർട്ടി വിപ്പ് ലംഘിക്കുകയോ ചെയ്താൽ അയോഗ്യനാക്കാമെന്നാണ് ചട്ടം.

അതേസമയം, എം.എൽ.എമാർ ഇ-മെയിലൂടെയാണ് രാജിക്കത്ത് അയച്ചതെന്നും നേരിട്ട് രാജി സമർപ്പിച്ചാലേ പരിഗണിക്കൂവെന്നും സ്പീക്കർ വ്യക്തമാക്കി.

22 വിമതരുടെ രാജി സ്പീക്കർ അംഗീകരിച്ചാൽ സഭയിലെ കേവല ഭൂരിപക്ഷം 104 ആയി കുറയും. 107 എം.എൽ.എമാരുള്ള ബി.ജെ.പിക്ക് സർക്കാരുണ്ടാക്കാം. കോൺഗ്രസിന് 92 പേരേ ഉള്ളൂ.

അവിശ്വാസവുമായി ബി.ജെ.പി

വരുന്ന തിങ്കളാഴ്ച ( മാർച്ച് 16 ) നിയമസഭയുടെ ബഡ്‌ജറ്റ് സമ്മേളനം ആരംഭിക്കുമ്പോൾ ഗവർണറോടും സ്പീക്കറോടും വിശ്വാസ വോട്ടെടുപ്പ് നടത്താൻ ആവശ്യപ്പെടുമെന്ന് ബി.ജെ.പി ചീഫ് വിപ്പ് നരോത്തം മിശ്ര പറഞ്ഞു. മുൻ മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സംഘം ഇന്നലെ രാത്രി ഗവർണർ ലാൽജി ടണ്ടനെ സന്ദർശിച്ച് സ്ഥിതി ധരിപ്പിച്ചു.

മന്ത്രിമാരെ കസ്റ്റഡിയിൽ എടുത്തു

ബംഗളൂരുവിൽ കോൺഗ്രസ് വിമതരെ കാണാൻ എത്തിയ രണ്ട് മദ്ധ്യപ്രദേശ് മന്ത്രിമാരെ പൊലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം വിട്ടയച്ചു. ജിത്തു പട്‌വാരി, നാരായൺ ചൗധരി എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. വിമത എം.എൽ.എ മനോജ് ചൗധരിയുടെ പിതാവാണ് നാരായൺ ചൗധരി. പൊലീസ് ഇവരെ കൈയേറ്റം ചെയ്തെന്നും ഫോണുകൾ പിടിച്ചെടുത്തെന്നും ആരോപണമുണ്ട്. ഇവർ കർണാടക പി.സി.സി അദ്ധ്യക്ഷൻ ഡി.കെ. ശിവകുമാറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

രാഷ്‌ട്രീയ നാടകങ്ങൾ

നാല് സംസ്ഥാനങ്ങളിൽ

സിന്ധ്യയുടെ കാലുമാറ്റത്തെ തുടർന്നുള്ള രാഷ്ട്രീയ നാടകങ്ങൾ മദ്ധ്യപ്രദേശിന് പുറമേ കർണാടക, രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിലും തുടരുകയാണ്.

സിന്ധ്യയോട് അനുഭാവമുള്ള വിമതർ ബംഗളൂരുവിലും കമൽനാഥ് പക്ഷക്കാരായ എം.എൽ.എമാർ രാജസ്ഥാനിലുമാണുള്ളത്. ബി.ജെ.പി സ്വന്തം എം.എൽ.എമാരെ ഹരിയാനയിലേക്ക് മാറ്റിയിരുന്നു.

സിന്ധ്യയ്‌ക്ക് ഉജ്ജ്വല വരവേൽപ്പ്

ബി. ജെ. പിയിൽ അംഗത്വമെടുത്ത ശേഷം ഇന്നലെ ഭോപ്പാലിൽ തിരിച്ചെത്തിയ ജ്യോതിരാദിത്യ സിന്ധ്യയ്‌ക്ക് ബി. ജെ. പി ഉജ്ജ്വല സീകരണം നൽകി. ഭോപ്പാൽ വിമാനത്താവളത്തിൽ ബി. ജെ. പി നേതാക്കൾ ഉൾപ്പെടെ വന്ന ജനക്കൂട്ടമാണ് സിന്ധ്യയെ സ്വീകരിച്ചത്. അവിടെ നിന്ന് റോഡ് ഷോ ആയി സിന്ധ്യ ബി. ജെ. പി ഓഫീസിലേക്ക് പോയി.