ന്യൂഡൽഹി: കൊറോണയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ കൈക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആശങ്കയ്ക്ക് 'നോ' പറയണമെന്നും ജാഗ്രതയ്ക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും പ്രധാനമന്ത്രി തന്റെ ട്വിറ്റർ ഹാൻഡിൽ വഴി ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കോവിഡ് 19 നോവെൽ വൈറസ് രാജ്യത്തുയർത്തിയിരിക്കുന്ന സാഹചര്യത്തെ കുറിച്ച് ജനങ്ങളെ രോഗബാധയിൽ നിന്നും സംരക്ഷിക്കാനായി കേന്ദ്ര സർക്കാർ വിവിധ മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രോഗപ്രതിരോധ സംവിധാനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതും, വിദേശികൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാനായി വിസകൾ താത്കാലികാലികമായി റദ്ദ് ചെയ്യുന്നതുൾപ്പെടെ നിരവധി കാര്യങ്ങൾ ഈ മാർഗങ്ങളിൽ ഉൾപ്പെടുന്നുണ്ടെന്നും മോദി പറയുന്നു. വരും ദിവസങ്ങളിൽ കേന്ദ്ര സർക്കാരിലെ ഒരു മന്ത്രിപോലും വിദേശ യാത്ര നടത്തില്ലെന്നും മോദി തന്റെ ട്വീറ്റിലൂടെ ഉറപ്പ് നൽകി.
രാജ്യത്തെ ജനങ്ങളും അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെയുള്ള വിദേശ യാത്രകൾ ഒഴിവാക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രോഗം പടരുന്നത് തടയേണ്ടതാണെന്നും വലിയ ആൾക്കൂട്ടങ്ങൾ ഈ സമയത്ത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അഭ്യൂഹങ്ങളിൽ വിശ്വസിക്കാൻ പാടില്ലെന്നും പകരം ഡോക്ടറുടെ സേവനം തേടുകയാണ് വേണ്ടതെന്നും മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.