sanjivini
നെടുംകുന്നം ചേലക്കൊമ്പിലെ സഞ്ജീവിനി പുനരധിവാസ കേന്ദ്രം

നെടുംകുന്നം: നെടുങ്കുന്നം ചേലക്കൊമ്പ് സഞ്ജീവനി പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികളിൽ ഒരാൾ കൂടി മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന ആലപ്പുഴ മിത്രക്കരി സ്വദേശി ഉഷാ ജോസഫാണ് (61) ഇന്നലെ മരിച്ചത്. ഇതോടെ നാലു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം നാലായി. തുടർന്ന് ആരോഗ്യ വിഭാഗം ഇന്നലെ പരിശോധന നടത്തി.

ഒമ്പതിന് ഉച്ചയ്ക്ക് 15-ാംമൈൽ ഈരൂരിക്കൽ ബാബു ജോസഫാണ് (47) ആദ്യം മരിച്ചത്. ഭക്ഷണം കഴിച്ച ശേഷം മുറിയിലേക്ക് പോയ ഇയാളെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 10ന് അതിരമ്പുഴ മാണാട്ട് ജോർജ്ജിന്റെ മകൾ ജോയിമോൾ (50) ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയും 11ന് ചീരംഞ്ചിറ മേലേട്ടുവീട്ടിൽ ശോഭന (55) ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയും മരിച്ചു. അഞ്ച് അന്തേവാസികൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കറുകച്ചാൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. വൈറൽ ന്യുമോണിയയാണ് മരണകാരണമെന്നാണ് സംശയം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കാരണം കണ്ടെത്താനാവൂ.

ജില്ലയിലെ തന്നെ ചങ്ങനാശേരി കോട്ടമുറി പുതുജീവൻ സൈക്യാട്രിക് ആശുപത്രിയിലും അടുത്തിടെ ദുരൂഹ മരണങ്ങൾ നടന്നിരുന്നു. ആരോഗ്യവകുപ്പ് അന്വേഷണം നടത്തി വരികയാണ്.

സഞ്ജീവനി

 27 വർഷമായി ചേലക്കൊമ്പിൽ പ്രവർത്തിക്കുന്ന പുനരധിവാസ കേന്ദ്രം

 80 അന്തേവാസികൾ - 50 പുരുഷൻമാർ, 30 സ്ത്രീകൾ

17 ജീവനക്കാർ (നഴ്‌സുമാർ, സോഷ്യൽ വർക്കർ ഉൾപ്പെടെ)

വയറുവേദന, ഛർദ്ദി, തളർച്ച, വയർവീർക്കുക തുടങ്ങിയ രോഗലക്ഷണങ്ങളാണ് അന്തേവാസികൾക്കുണ്ടായത്. എല്ലാവർക്കും ഒരേ രോഗ ലക്ഷണങ്ങളല്ല. ഭക്ഷണം കഴിച്ചശേഷമാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. മരണകാരണം വ്യക്തമല്ല.

- ഫാ. ജേക്കബ് വട്ടയ്ക്കാട്ട്, സഞ്ജീവനി ഡയറക്ടർ