തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി രണ്ട് പേർക്ക് കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂരിലും തൃശ്ശൂരിലുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂരിലെ രോഗി ദുബായിൽ നിന്നും തൃശൂരിലെ രോഗി ഖത്തറിൽ നിന്നുമാണ് എത്തിയത്. കൊറോണ പൂർണമായും നിയന്ത്രണ വിധേയമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗത്തിന്റെ പേരിൽ വിദേശികളെ അപമാനിക്കരുത്. തിരുവനന്തപുരത്ത് ഒരാൾക്ക് രോഗബാധ സംശയിക്കുന്നു. ഇയാളുടെ പരിശോധനാഫലം ലഭിക്കാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗം ബാധിച്ച 19 പേരിൽ മൂന്നു പേരുടെ രോഗം പൂർണമായി ഭേദമായി. 4180 പേർ നീരീക്ഷണത്തിലാണ്. ഇവരിൽ 3910 പേർ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്, 270 പേർ ആശുപത്രികളിലും. 1337 സാംപിൾ പരിശോധനയ്ക്ക് അയച്ചതിൽ 953 ഫലം നെഗറ്റീവാണെന്നും മുഖ്യമന്ത്രി അറിയിച്ചു.