ഭോപ്പാൽ: മദ്ധ്യപ്രദേശിലെ രാഷ്ട്രീയ നാടകങ്ങൾക്കിടയിൽ മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗ് മദ്ധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ സംസ്ഥാന നിയമസഭ സെക്രട്ടേറിയറ്റിലെത്തിയാണ് പത്രിക സമർപ്പിച്ചത്. മുൻ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിൽ ചേർന്നതിന് മണിക്കൂറുകൾക്കകം പാർട്ടി അദ്ദേഹത്തെ മദ്ധ്യപ്രദേശിൽ നിന്ന് രാജ്യസഭാ സീറ്റിലേക്ക് നാമനിർദേശം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. 26ന് നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 13നാണ്. കോൺഗ്രസും ബി.ജെ.പിയും ഒരു സീറ്റ് വീതം നേടുമെന്ന് ഉറപ്പാണ്.
പശ്ചിമബംഗാളിൽ നിന്ന് കോൺഗ്രസ് പിന്തുണയോടെ സി.പി.എം നേതാവും ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ പ്രസിഡന്റുമായ ബികാസ് രഞ്ജൻ ഭട്ടാചാര്യ രാജ്യസഭയിലേക്ക് മത്സരിക്കും. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ മത്സരിപ്പിക്കണമെന്ന നിർദ്ദേശം പൊളിറ്റ് ബ്യൂറോ കഴിഞ്ഞ ദിവസം തള്ളി.