അടൂർ: ശബരിമലയിൽ 32 വർഷമായി അഖിലഭാരത അയ്യപ്പസേവാസംഘത്തിന്റെ ക്യാമ്പ് വാളന്റിയർ ക്യാപ്റ്റനും മാസ പൂജാവേളകളിലെ ക്യാമ്പ് ചുമതലക്കാരനുമായ തഞ്ചാവൂർ ദാമോദരൻ സ്വാമി (67) നിര്യാതനായി. ഇന്നലെ ശബരിമല സന്നിധാനത്ത് നിൽക്കുമ്പോൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പത്തനംതിട്ടയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ നിലയ്ക്കൽ വച്ചാണ് മരണം . മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സ്വദേശമായ തമിഴ്നാട്ടിലെ തഞ്ചാവൂരിലേക്ക് കൊണ്ടുപോകും. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് അയ്യപ്പസേവാസംഘത്തിന്റെ ക്യാമ്പിൽ സേവനം അനുഷ്ഠിച്ച ശേഷം ശബരിമല മാസ പൂജയ്ക്ക് മുന്നോടിയായി മുന്നൊരുക്കങ്ങൾക്കായി ബുധനാഴ്ച ഉച്ചയോടെയാണ് സന്നിധാനത്ത് എത്തിയത്. കുഴഞ്ഞു വീഴുന്നത് കണ്ട ട്രാക്ടർ ഡ്രൈവർ മരാമത്ത് ഓഫീസിലെ ജീവനക്കാരുടെ സഹായത്തോടെ വനം വകുപ്പിന്റെ ആംബുലൻസിലാണ് പമ്പയിലേക്കും തുടർന്ന് പത്തനംതിട്ടയിലേക്കും കൊണ്ടുപോയത്. അയ്യപ്പസേവാസംഘം സംസ്ഥാന കമ്മറ്റിയും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവും അനുശോചിച്ചു.