കൊല്ലം: കൊല്ലം തോട് നവീകരണ പ്രവൃത്തികളുടെ ഭാഗമായി പാർശ്വഭിത്തി നിർമ്മാണത്തിനെത്തിച്ച സിമന്റ് തൂണുകൾ ക്രെയിൻ ഉപയോഗിച്ച് ഇറക്കുന്നത് നോക്കി നിൽക്കുന്നതിന് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി ചുമട്ട് തൊഴിലാളികൾ ഒരു ലക്ഷം രൂപ വീതം കൂലി ആവശ്യപ്പെട്ടു. തർക്കം നീണ്ടതോടെ, കരാറുകാരൻ സിമന്റ് തൂണുകൾ മടക്കിക്കൊണ്ടുപോയി.
കൊല്ലം തോടിന്റെ കരയിൽ കച്ചിക്കടവിൽ ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. ലോറിയിൽ സിമന്റ് തൂണുകൾ എത്തിയതോടെ തൊഴിലാളികൾ സംഘടിച്ചെത്തി. ആറ് മീറ്റർ നീളവും ഒരു മീറ്റർ ചുറ്റളവും രണ്ട് ടണ്ണോളം ഭാരവുമുള്ള തൂണുകൾ തൊഴിലാളികൾ ചുമന്നിറക്കുന്നത് പ്രയാസകരമാണ്. ക്രെയിൻ ഉപയോഗിച്ച് ഇറക്കുമ്പോൾ തൊഴിൽ നഷ്ടത്തിനുള്ള പരിഹാരമായാണ് ഓരോ ലക്ഷം
രൂപ ആവശ്യപ്പെട്ടത്. സ്ഥലത്തെത്തിയ ഇൻലാൻഡ് നാവിഗേഷൻ അസി.എക്സി. എൻജിനിയർ ജോയി ജനാർദ്ദനൻ തൂണുകൾ ചുമന്നിറക്കിയാൽ കൂലി നൽകാമെന്ന് പറഞ്ഞെങ്കിലും തൊഴിലാളികൾ വിസമ്മതിച്ചു. ഇരവിപുരം പൊലീസെത്തിയതോടെ സ്ഥലംവിട്ട തൊഴിലാളികൾ, പൊലീസ് മടങ്ങിയപ്പോൾ വീണ്ടുമെത്തി. പതിനൊന്നരയോടെ തൂണുകളുമായി ലോറി മടങ്ങി. ഇന്നുച്ചയോടെ തൂണുകൾ തോട്ടിൽ താഴ്ത്തി നിർമ്മാണം ആരംഭിക്കാനിരുന്നതാണ്.
'ക്രെയിൻ ഉപയോഗിച്ച് ഇറക്കിയാലും തൊഴിലാളികളുടെ സഹായം ആവശ്യമാണ്. അതിന് കൂലി വാങ്ങുന്നത് നോക്കുകൂലിയല്ല. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് അന്വേഷണത്തിൽ അറിഞ്ഞത്'.
-എ.കെ.ഹഫീസ്,
സംസ്ഥാന പ്രസിഡന്റ്
ചുമട്ട് തൊഴിലാളി ഫെഡറേഷൻ
(ഐ.എൻ.ടി.യു.സി)
'നോക്കുകൂലി ആവശ്യപ്പെട്ടത് യഥാർത്ഥ സി.ഐ.ടി.യു തൊഴിലാളികളാണോയെന്ന് അറിയില്ല.
സി.ഐ.ടി.യുവിന് അവിടെ വ്യവസ്ഥാപിത യൂണിറ്രില്ല'.
-എ.എം.ഇക്ബാൽ,
ജില്ലാ സെക്രട്ടറി
ചുമട്ട് തൊഴിലാളി യൂണിയൻ
(സി.ഐ.ടി.യു)