corona

തിരുവനന്തപുരം: തലസ്ഥാനത്ത് ഒരാൾക്ക് കൊറോണ ബാധയെന്ന് സംശയം. സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യത്തിൽ ആദ്യസൂചന നൽകിയത്. രോഗിയുടെ ശരീര സാംപിൾ ഉപയോഗിച്ച് നടത്തിയ പ്രാഥമിക പരിശോധനയിൽ ഫലം പോസിറ്റീവായതായാണ് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.

ഇയാളുടെ അന്തിമ പരിശോധനാ ഫലം പുറത്തുവന്നിട്ടില്ലെങ്കിലും ഇത് ഒരു പോസിറ്റീവ് കേസ് ആയിത്തന്നെയാണ് പരിഗണിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിലെ എൻ.ഐ.വി ലാബിലായിരിക്കും അന്തിമ പരിശോധന നടക്കുക. നിലവിൽ ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും വിവരമുണ്ട്. ഇറ്റലിയിൽ നിന്നുമാണ് ഇയാൾ എത്തിയത്.

സംസ്ഥാനത്ത് പുതുതായി രണ്ട് പേർക്ക് കൂടി അൽപ്പം മുൻപ് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂരിലും തൃശ്ശൂരിലുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂരിലെ രോഗി ദുബായിൽ നിന്നും തൃശൂരിലെ രോഗി ഖത്തറിൽ നിന്നുമാണ് എത്തിയത്. കൊറോണ പൂർണമായും നിയന്ത്രണ വിധേയമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രോഗത്തിന്റെ പേരിൽ വിദേശികളെ അപമാനിക്കരുത്. മുഖ്യമന്ത്രി പറഞ്ഞു. രോഗം ബാധിച്ച 19 പേരിൽ മൂന്നു പേരുടെ രോഗം പൂർണമായി ഭേദമായി. 4180 പേർ നീരീക്ഷണത്തിലാണ്. ഇവരിൽ 3910 പേർ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്, 270 പേർ ആശുപത്രികളിലും. 1337 സാംപിൾ പരിശോധനയ്ക്ക് അയച്ചതിൽ 953 ഫലം നെഗറ്റീവാണെന്നും മുഖ്യമന്ത്രി അറിയിച്ചു.