she

വീട്ടിനു പുറത്ത് മാത്രമല്ല വീട്ടിനുള്ളിലും സ്ത്രീകൾ സുരക്ഷിതരല്ലെന്നാണ് പുറത്തുവരുന്ന വാർത്തകൾ. മകളാണോ ഭാര്യയാണോ അമ്മയാണോ എന്ന ഭേദമില്ലാതെയാണ് സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നത്. ശരീരത്തെ അപകടപ്പെടുത്തുന്നത് ആരായാലും അയാൾക്കെതിരെ പ്രതികരിക്കാൻ കരുത്തുള്ളവരായി മാറുക എന്നതാണ് ഇത് മറികടക്കാനുള്ള ഏകപ്രതിവിധി. ഈ സാഹചര്യത്തിൽ ഭർത്താവിന്റെ പീഡനം സഹിക്കാനാവാതെ ഒരു യുവതി സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പാണ് സജീവചർച്ചയാകുന്നത്.

ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വിവാഹജീവിതത്തിൽ അനുഭവിച്ച ക്രൂരയാതനകളെക്കുറിച്ച് യുവതി തുറന്നെഴുതുന്നത്. വിവാഹം കഴിഞ്ഞപ്പോൾ തുടങ്ങിയ ശാരീരിക ഉപദ്രവം വർഷങ്ങൾ കഴിഞ്ഞിട്ടും അവസാനിപ്പിക്കാത്തതോടെ അവൾ പ്രതികരിച്ചു തുടങ്ങി. കിടപ്പറയിൽപ്പോലും മൃഗത്തെപ്പോലെ പെരുമാറുകയും താൻ സമ്പാദിക്കുന്ന പണം മുഴുവന്‍ മദ്യപിക്കാനായി കൊണ്ടുപോവുകയും ചെയ്ത അയാളോട് ഒടുവിൽ അവള്‍ ഗുഡ്‌ബൈ പറഞ്ഞിറങ്ങിപ്പോന്നു.

യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പതിനാലാം വയസിലായിരുന്നു എന്റെ വിവാഹം. ആദ്യവർഷം തന്നെ കുഞ്ഞുപിറന്നു. വിവാഹജീവിതത്തിന്റെ ആദ്യദിനങ്ങളിൽ തന്നെ ഞാൻ തിരിച്ചറിഞ്ഞു അയാൾക്ക് എന്നെ പോലെ ഗ്രാമവാസിയല്ല നഗരത്തിലെ പെൺകുട്ടിയായിരുന്നു മനസ്സിലെന്ന്. ഇത് ഞാൻ മാതാപിതാക്കളോട് പറഞ്ഞപ്പോൾ കുറേകഴിഞ്ഞ് എല്ലാം ലാം ശരിയാകുമെന്നായിരുന്നു മറുപടി. പിന്നീടുള്ള നാലുവർഷത്തിനിടയിൽ ഞങ്ങൾക്ക് നാലു കുട്ടികളുണ്ടായി, പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലമായിരുന്നു അത്.

മദ്യപിച്ചെത്തിയാൽ തന്നെ ക്രൂരമായി മർദ്ദിക്കും. ഒടുവിൽ കുടുംബം പോറ്റണമെങ്കിൽ ഞാൻ ജോലിക്ക് പോകേണ്ട അവസ്ഥയായി. അടുത്തുള്ളൊരു ആശുപത്രിയിൽ തൂപ്പുകാരിയായി ജോലിക്കു കയറി. തിരിച്ചെത്താന്‍ ഒരുമിനിറ്റ് വൈകിയാൽ അയാൾ മർദ്ദിക്കാൻ തുടങ്ങും. ഇത്രയും നേരം ആരുടെ കൂടെ കിടക്കുകയായിരുന്നു എന്നു ചോദിച്ച് അടിയും തൊഴിയുമൊക്കെയുണ്ടാകും. എല്ലാ രാത്രികളിലും അയാൾ എന്നെ ബലാത്സംഗം ചെയ്യും. മൃഗത്തെപ്പോലെയാണ് എന്റെ ദേഹത്തേക്ക് ചാടിവീഴുക. ഒരു ദിവസം എന്റെ മുഖത്തേക്ക് അടിച്ചപ്പോൾ മുൻവശത്തെ പല്ലു പൊഴിഞ്ഞു. രക്തം വന്ന് മരിക്കാറാകുംവരെ അയാൾ മർദ്ദനം തുടർന്നു. അ ആരും സഹായിക്കാനുണ്ടായിരുന്നില്ല.

ദിവസം കൂടുംതോറും എന്റെ ശരീരത്തില്‍ മുറിവുകള്‍ കൂടിവന്നു. അതിനിടെയാണ് അയാള്‍ക്ക് പരസ്ത്രീബന്ധവുമുണ്ടെന്ന് തിരിച്ചറിയുന്നത്. എന്തു ചെയ്യണമെന്ന് എനിക്ക്‌റിയുമായിരുന്നില്ല. ആശുപത്രിയിലെ സഹപ്രവര്‍ത്തകര്‍ എന്നെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. വീടൊരു നരകമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് പഠിക്കാൻ തീരുമാനിക്കുന്നത്. എന്റെ മക്കളുടെ ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങിയെങ്കിലും ഇതുകണ്ടതും അയാൾ മർദ്ദനം തുടങ്ങി. തുടർന്ന് പുലർച്ചെ മൂന്നു മണിമുതല്‍ നാലുമണിവരെ അയാൾ അറിയാതെ ഞാന്‍ പഠിക്കാൻ തുടങ്ങി.

സമയത്തിന് എത്താൻ കഴിയാതിരുന്നതുകൊണ്ട് എനിക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു. പിന്നിട് അടുത്തുള്ളൊരു സർവകലാശാലയിൽ എനിക്കൊരു ജോലി കിട്ടി. അവിടെ ഞാൻ പല വിദ്യാർഥികളേയും കണ്ടു, അവർ എന്നെ ഇംഗ്ലീഷ് പഠിപ്പിച്ചു. വീട് നരകമായിരുന്നെങ്കിലും എന്തൊക്കെയോ പ്രതീക്ഷകൾ ഉണ്ടായിരുന്നു.

ഒരുദിവസം മീറ്റിംഗ് കഴിഞ്ഞ് വീട്ടിൽ വൈകി തിരിച്ചെത്തിയപ്പോഴേക്കും ഞാൻ സൂക്ഷിച്ചു വച്ചിരുന്ന പതിനായിരം രൂപയിൽ നിന്ന് എട്ടായിരം രൂപയെടുത്ത് അയാൾ മദ്യപിക്കാൻ പോയി. തിരിച്ചുവന്നപ്പോള്‍ എന്റെ സാധനങ്ങളെല്ലാമെടുത്ത് വീടിനു പുറത്തേക്കിട്ടു. അപ്പോഴാണ് അവിടെ വിട്ടുപോരാനായെന്ന് ഞാന്‍ തിരിച്ചറിയുന്നത്. ബാഗെടുത്ത് ഇനിയൊരിക്കലും ഞാന്‍ തിരിച്ചുവരില്ലെന്നു പറഞ്ഞ് ഇറങ്ങിപ്പോന്നു. തുടക്കത്തില്‍ ബന്ധുക്കളോടൊപ്പമായിരുന്നു താമസം, വൈകാതെ ഒരു വാടകവീടെടുത്തു. മക്കളും എനിക്കൊപ്പം വന്നു. ഞങ്ങളുടെ വീട്ടിലേക്ക് പലതവണ അയാൾ കടന്നുവരാൻ ശ്രമിച്ചെങ്കിലും ഞാൻ അനുവദിച്ചില്ല.

ഇപ്പോൾ രണ്ടുവർഷത്തോളമായി ഞാൻ വീട്ടുജോലി ചെയ്തു ജീവിക്കുകയാണ്. ആളുകൾ ചോദിക്കുന്നുണ്ട് എന്തുകൊണ്ടാണ് ഞാൻ അയാളിൽ നിന്നും വിവാഹമോചനം നേടാത്തതെന്ന്. എനിക്കിനി അയാൾക്കു വേണ്ടി സമയം ചെലവാക്കാനില്ലെന്നാണ് എന്റെ മറുപടി. ഇന്ന് നല്ല സൗഹൃദങ്ങൾ ഉണ്ടെനിക്ക്, ഓരോ ദിവസവും പുതിയ പല കാര്യങ്ങളും പഠിക്കുന്നു. അടുത്തിടെ ഒരു വിദ്യാർത്ഥി എനിക്ക് പൊതുവിജ്ഞാന പുസ്തകം വാങ്ങിത്തന്നു. അതു ഞാൻ ദിവസവും വായിക്കുന്നുണ്ട്. എന്റെ ജീവിതത്തെക്കുറിച്ച് ഒരു പുസ്തകം എഴുതുക എന്നതാണ് ഇപ്പോഴത്തെ സ്വപ്‌നം. അയാൾക്ക് നല്‍കാവുന്ന ഏറ്റവും വലിയ ശിക്ഷയായിരിക്കും അത്, എനിക്കുതന്നെ നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനമെന്ന് യുവതി പറയുന്നു.