tp-senkumar

ന്യൂഡൽഹി: ഉയർന്ന താപമുള്ള കാലാവസ്ഥയെ കൊറോണ വൈറസ് അതിജീവിക്കില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. വേനൽക്കാലത്ത് രോഗം പടരുന്നത് സാധാരണമല്ലെങ്കിലും, ഈ പ്രചാരണത്തിന് ശാസ്ത്രീയ അടിത്തറയില്ലാത്തതാണെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

കൊറോണ വൈറസിനെ കുറിച്ച് ഇപ്പോഴും പഠനവും ഗവേഷണവും നടക്കുകയാണെന്നും വാദത്തിന് ശാസ്ത്രീയ തെളിവുകൾ ഇല്ലെന്നും ആരോഗ്യ മന്ത്രലായത്തിലെ ഉദ്യോഗസ്ഥർ വാർത്താ സമ്മേളനത്തിലൂടെയാണ് അറിയിച്ചത്.

കൊറോണ രോഗത്തിന് വാക്സിൻ കണ്ടുപിടിക്കാൻ രണ്ടുവർഷമെങ്കിലും എടുക്കുമെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. കേരളത്തിൽ അടക്കം ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു.കേരളത്തിന്റെ മുൻ പൊലീസ് മേധാവി ടി.പി സെൻകുമാർ, കോൺഗ്രസ് എം.പി കെ. മുരളീധരൻ തുടങ്ങിയവരാണ് കേരളത്തിൽ ഇത്തരം പ്രചാരണം നടത്തിയത്.

ലോകാരോഗ്യ സംഘടന തന്നെ ഇക്കാര്യം തള്ളിയിരുന്നു. താപനില കൂടുമ്പോൾ കൊറോണ വൈറസ് അപ്രത്യക്ഷമാകുമെന്നത് തെറ്റായ പ്രചാരണമാണെന്നും അത്തരത്തിലൊരു നിഗമനത്തിലെത്താൻ കഴിയില്ലെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ മൈക്ക് റയാൻ പറഞ്ഞത്.