പത്തനംതിട്ട: കോവിഡ് 19 സ്ഥിരീകരിച്ച റാന്നിയിലെ കുടുംബാംഗങ്ങളെ പരിചരിച്ച നഴ്സിനെയും മകളെയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.പനിയും ചുമയും വന്നതിനെത്തുടർന്നാണ് പത്തനംതിട്ട സർക്കാർ ആശുപത്രിയിലെ നഴ്സിനെയും മകളെയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്കും ഖത്തറിൽ നിന്ന് വന്ന തൃശൂർ സ്വദേശിക്കും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. രോഗലക്ഷണങ്ങളുമായി എയർപോർട്ടിലെത്തിയ ഇവരെ നേരെ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചവരുടെ എണ്ണം 19ആയി. ഇവർ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലും തൃശൂർ ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്.
അതേസമയം, ഇറ്റലിയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിയുടെ സാമ്പിളുകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പരിശോധിച്ചപ്പോൾ ഫലം പോസീറ്റിവായിരുന്നു. എങ്കിലും ആലപ്പുഴ വൈറോളജി ലാബിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം സ്വദേശിയെ കൊറോണ ബാധിതനായി കണക്കാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ ആരംഭിച്ചതായി മന്ത്രി കെ.കെ.ശൈലജയും വ്യക്തമാക്കി.