nigraham-34

സിദ്ധാർത്ഥ് വെട്ടിത്തിരിഞ്ഞു.

ഡിവൈ.എസ്.പി ശങ്കർദാസ്!

''നീയെന്താടാ രക്ഷപ്പെടാൻ നോക്കുന്നോ?"

ചോദിച്ചതും അവനെ വലിച്ചു തിരിച്ച് ശങ്കർദാസ് ആ കവിളിൽ ആഞ്ഞടിച്ചു.

''ഹാ..." അവ്യക്തമായ ഒരു വിലാപത്തോടെ സിദ്ധാർത്ഥ് വേച്ചുപോയി.

ശങ്കർദാസ് വീണ്ടും അവനെ പിടിച്ചു നിർത്തി. അവന്റെ ചുണ്ടും മുറിഞ്ഞ് ചോര കിനിഞ്ഞു.

''സാർ... എന്റെ ആളുകളല്ല അതു ചെയ്തത്. അവരാണ് ഓടിപ്പോയത്. അവരെ പിടിക്കണം സാർ..."

സിദ്ധാർത്ഥ് പറഞ്ഞു.

''അതൊക്കെ ഞങ്ങള് ചെയ്തോളാം. ഏതായാലും നീയിവിടെ നില്ക്ക്."

ഡിവൈ.എസ്.പി ക്രൂരമായി ചിരിച്ചു.

ചീറ്റപ്പുലികളെപ്പോലെ പോലീസുകാർ പാഞ്ഞടുത്തപ്പോൾ ജനങ്ങൾ ചിതറിയോടി.

ആദ്യമുണ്ടായ അമ്പരപ്പിൽ നിന്ന് ഓട്ടോ ഡ്രൈവറന്മാർ മോചിതരാകും മുൻപ് പോലീസ് സംഘം ആക്രമിച്ചു തുടങ്ങിയിരുന്നു.

''സാറേ... ഞങ്ങളല്ല..."

അവർ വിളിച്ചു പറയുന്നുണ്ട്. ആരും പക്ഷേ അത് ചെവിക്കൊള്ളുന്നില്ല.

വൈറസ് മാത്യുവിനെ എസ്.ഐ ബോബികുര്യൻ ലാത്തികൊണ്ടടിച്ച് തറയിലിടുന്നതും നെഞ്ചിൽ ആഞ്ഞാഞ്ഞു ചവിട്ടുന്നതും സിദ്ധാർത്ഥ് കണ്ടു.

അവനു സഹിച്ചില്ല.

''സാറേ... അവനെ തല്ലരുത്..."

സിദ്ധാർത്ഥ് ഗർജ്ജിച്ചു.

ബോബികുര്യൻ തിരിഞ്ഞുനോക്കി ഒന്നു ചുണ്ടു പിളർത്തിക്കാട്ടി. പിന്നെയും അടി തുടർന്നു.

ലാത്തിയടിയേറ്റ് മീറ്റർ ചാണ്ടിയുടെ തലപൊട്ടി ചോര ചീറ്റി...

സിദ്ധാർത്ഥിന്റെ കടപ്പല്ലമർന്നു.

''അവരല്ല അത് ചെയ്തതെന്ന് നിന്നോടൊക്കെ പറഞ്ഞില്ലേടാ?"

ഗർജ്ജിച്ചുകൊണ്ട് അവൻ ഡിവൈ.എസ്.പി ശങ്കർദാസിന്റെ കൈ തട്ടിക്കളഞ്ഞു. പിന്നെ അവർക്കു നേരെ കുതിച്ചു.

''എടാ...." ശങ്കർദാസും പിന്നാലെ...

ചെന്നപാടെ സിദ്ധാർത്ഥ് ബോബികുര്യനെ വലിച്ചൊരേറുകൊടുത്തു.

തുടർന്ന് മീറ്റർ ചാണ്ടിയെ തല്ലിക്കൊണ്ടിരുന്ന പോലീസുകാരന്റെ ലാത്തിയിൽ പിടിമുറുക്കി. പിന്നെ കാലുയർത്തി ഒറ്റ ചവിട്ട്. പോലീസുകാരന്റെ നെഞ്ചിൽ.

അയാൾ അവിടെ മലർന്നു വീണു.

വർദ്ധിതവീര്യത്തോടെ ഒരു ഭാഗത്തുനിന്ന് എസ്.ഐ ബോബികുര്യനും മറുഭാഗത്തുനിന്ന് ഡിവൈ.എസ്.പി ശങ്കർദാസും കുതിച്ചെത്തി.

''നീ പോലീസിനെ തല്ലും. അല്ലേടാ?" ചോദിച്ചതും ശങ്കർദാസ് പിന്നിൽനിന്ന് ഒറ്റയടി. സിദ്ധാർത്ഥിന്റെ കഴുത്തിൽ.

ആ സമയം മുന്നിൽ നിന്ന് ബോബികുര്യനും കൈ ചുരുട്ടി ഇടിച്ചു. അവന്റെ നെഞ്ചിനു മദ്ധ്യത്തിൽ. തുരുതുരെ നാലഞ്ചു തവണ.

സിദ്ധാർത്ഥിന്റെ വാ തുറന്നുപോയി. അതുവഴി കൊഴുത്ത ചോര ഉമിനീർ കലർന്ന് താടിയിലേക്ക് ഒഴുകി.

ബാക്കി ഓട്ടോക്കാരും അടിയേറ്റ് ഓടുകയോ തറയിൽ വീഴുകയോ ചെയ്തിരുന്നു.

കലിയടങ്ങാതെ പോലീസ് സംഘം ഓട്ടോകളുടെ ഗ്ളാസുകൾ തല്ലിപ്പൊട്ടിക്കുകയും റസ്കിനുകൾ വലിച്ചുകീറുകയും ചെയ്തു.

എല്ലാം നോക്കി നിസ്സഹായനായി നിൽക്കുവാനേ കളക്ടർക്കു കഴിഞ്ഞുള്ളു. അയാൾ പോലീസ് വലയത്തിനുള്ളിലും ആയിരുന്നു.

''ഇവന്മാരെ വണ്ടിയിൽ കയറ്റ്." എസ്.പി​ കൃഷ്ണപ്രസാദ് കൽപ്പി​ച്ചു.

പോലീസ് സംഘം കയ്യി​ൽ കി​ട്ടി​യ ഓട്ടോക്കാരെ വലി​യ വാഹനത്തി​നുള്ളി​ലേക്ക് വലി​ച്ചുകയറ്റി​..

ഒരു യുദ്ധഭൂമി​യി​ൽ എന്നവണ്ണം നശി​പ്പി​ക്കപ്പെട്ട ഓട്ടോകളും ചെരുപ്പുകളും മറ്റും അവി​ടെ അവശേഷി​ച്ചു.

പോലീസ് വാഹനം സി​ദ്ധാർത്ഥി​നെയും സംഘത്തെയും കൊണ്ട് മടങ്ങി​...

അവനെയടക്കം മുറി​വും ചതവും ഏറ്റവരെ പത്തനംതി​ട്ട ജനറൽ ഹോസ്പി​റ്റലി​ൽ പ്രവേശി​പ്പി​ച്ചു.

അടുത്ത ദി​വസം.

സി​ദ്ധാർത്ഥ് ഒഴി​കെയുള്ളവരെ പോലീസ് വി​ട്ടയയ്ക്കുകയും അവനെ മാത്രം റി​മാന്റ് ചെയ്യുകയും ചെയ്തു.

സംഘം ചേർന്നു പോലീസി​നെ ആക്രമി​ച്ചു, പെട്രോൾ ബോംബെറി​ഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടി​ച്ചു, നടുറോഡി​ൽ അമ്മയുടെ ശവമടക്കി​ തുടങ്ങി​യ കുറ്റങ്ങളൊക്കെ അവനി​ൽ ചാർത്തപ്പെട്ടി​രുന്നു...

.........................................................

കോന്നി​

ഓട്ടോക്കാർ ഒത്തുകൂടി​.

അടുത്തദി​വസം കേരളമൊട്ടാകെ ഓട്ടോറി​ക്ഷകൾ പണി​മുടക്കുവാൻ യൂണി​യൻകൂടി​ തീരുമാനി​ച്ചു. എല്ലാ യൂണി​യനുകളും അക്കാര്യത്തി​ൽ ഒന്നി​ച്ചു നി​ന്നു.

സംസ്ഥാന നേതാക്കളുമായി​ അവർ ഇക്കാര്യം ഫോണി​ൽ സംസാരി​ക്കുകയും അവരും അനുകൂല നി​ലപാട് എടുക്കുകയും ചെയ്തു.

*****

സബ് ജയിൽ, പത്തനംതിട്ട

അവിടെവച്ച് സിദ്ധാർത്ഥ് സി.ഐ ഇഗ്‌നേഷ്യസിനെ കണ്ടു.

''അവസാനം എല്ലാവരും ചേർന്ന് നിന്നെയും ഇതിനുള്ളിൽ എത്തിച്ചു. അല്ലേടാ? ശരിക്കും എന്താ സംഭവിച്ചത്?"

ഇഗ്‌നേഷ്യസ്, സെല്ലിന്റെ വരാന്തയിൽ ഇരുന്നുകൊണ്ട് സിദ്ധാർത്ഥിനോടു തിരക്കി.

എല്ലാ കാര്യങ്ങളും അവൻ വിസ്തരിച്ചു പറഞ്ഞു.

അല്പനേരം മിണ്ടിയില്ല ഇഗ്‌നേഷ്യസ്. പിന്നെ ചുണ്ടനക്കി.

''എനിക്ക് ഒരുകാര്യം ഉറപ്പാടാ. പെട്രോൾ ബോംബ് എറിഞ്ഞത് അവന്റെ ആൾക്കാരാ. ഷാജി ചെങ്ങറയുടെ. എന്നെ കുടുക്കിയതും ഷാജി തന്നെ. പ്രതികരിക്കുന്നവരെ എങ്ങനെയും ഒതുക്കുന്ന പ്രവണതയാണല്ലോ ഈ നാട്ടിൽ എല്ലാ രംഗങ്ങളിലും നടക്കുന്നത്.

സിദ്ധാർത്ഥ് കലിപ്പോടെ ചിന്തിച്ചിരുന്നു. മിണ്ടിയില്ല...

ഇഗ്‌നേഷ്യസ് തുടർന്നു:

''ഇനി ഷാജിയുടെ ഉദ്ദേശ്യം മറ്റൊന്നായിരിക്കും... മാളവിക. അവളെ അവൻ വേട്ടയാടും."

''ങ്‌ഹേ?" അതുകേട്ട് സിദ്ധാർത്ഥ് ഉൽക്കടമായി നടുങ്ങി.

(തുടരും)