kk-shylaja

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കൊറോണ കേസുകൾ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി. ഏപ്രിൽ എട്ടുവരെ നടത്തേണ്ടിയിരുന്ന സമ്മേളനം ഇന്ന് അവസാനിപ്പിക്കാനാണ് കാര്യോപദേശക സമിതിയുടെ തീരുമാനം. ധനാഭ്യർത്ഥനകൾ ഒരുമിച്ച് പാസാക്കിയ ശേഷം സഭാ സമ്മേളനം അവസാനിപ്പിക്കും. എന്നാൽ ധനാഭ്യർത്ഥനകൾ ചർച്ചയോടെ മാത്രമേ പാസാക്കാവൂയെന്ന് പ്രതിപക്ഷം കാര്യോപദേശക സമിതിയിൽ ആവശ്യപ്പെട്ടു.

അതേസമയം,​ കൊറോണ വൈറസുമായി ബന്ധപ്പെട്ട് സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കാട്ടി ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കെതിരെ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. ഇറ്റലിയിൽ നിന്ന് വരുന്നരെ നിരീക്ഷിക്കണമെന്ന് കാട്ടി മാർച്ച് മൂന്നിനാണ് കേന്ദ്രം നോട്ടീസ് നൽകിയതെന്നാണ് മന്ത്രി നിയമസഭയിൽ പറഞ്ഞത്. എന്നാൽ ഫെബ്രുവരി 26ന് കേന്ദ്രം നിർദേശം നൽകിയിരുന്നെന്ന് കാട്ടിയാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്. പി.ടി തോമസാണ് ആരോഗ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്. രോഗികളെ നിരീക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷം ആരോപിച്ചു.

കൊറോണ വൈറസ് ബാധ കേരളത്തിൽ വ്യാപിച്ച സാഹചര്യത്തിൽ ജാഗ്രതയുടെ ഭാഗമായി നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യം പരിഗണനയിലാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ സഭ സമ്മേളനം വെട്ടിച്ചുരുക്കുന്നത് ജനങ്ങളിൽ ഭീതി പടർത്തുമെന്നും നടപടിയോട് യോജിക്കുന്നില്ലെന്നും നേരത്തെ പ്രതിപക്ഷം അറിയിച്ചിരുന്നു. പാർലമെന്റ് സമ്മേളനം പോലും തുടരുന്ന സാഹചര്യത്തിൽ രോഗ ഭീതിയുടെ മറപറ്റി നിയമസഭാ സമ്മേളനം അവസാനിപ്പിക്കുനുള്ള നീക്കത്തിൽ ദുരുദ്ദേശമുണ്ടെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചിരുന്നു.